കോതമംഗലം: നഗരസഭയില്‍ മാലിന്യനീക്കം പൂര്‍ണ്ണമായും അവതാളത്തിലായതോടെ കോതമംഗലം നഗരം മാലിന്യക്കൂമ്പാരമായി മാറുന്നു. നഗരത്തിലെ വിവിധ റോഡരികുകളിലും കുരൂര്‍ തോട്ടിലും മാലിന്യങ്ങള്‍ കുന്നുകൂടി രൂക്ഷമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്.
നൂറുകണക്കിന് ആളുകള്‍ പുലര്‍ച്ചെ പ്രഭാതസവാരിക്കായി എത്തുന്ന തങ്കളം ബൈപാസ് കവലയിലെ എക്‌സൈസ് റെയിഞ്ച് ഓഫീസിന് മുന്നില്‍ ചീഞ്ഞളിഞ്ഞ മാലിന്യങ്ങളാണ് നിത്യേന തള്ളുന്നത്. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാത്തതാണ് സ്ഥിതി കൂടുതല്‍ വഷളാക്കിയത്. അഴുക്കുചാലുകളിലെ മാലിന്യക്കെട്ടുകളും ശുചീകരണത്തിലെ വീഴ്ചകളും നഗരത്തില്‍ വലിയ രീതിയിലുള്ള പകര്‍ച്ചവ്യാധി ഭീതി ഉയര്‍ത്തുന്നുണ്ട്.
ഡെങ്കിപ്പനി, എലിപ്പനി, എച്ച്1എന്‍1 തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ച് ഇതുവരെ ആറ് പേര്‍ക്കാണ് പ്രദേശത്ത് ജീവന്‍ നഷ്ടമായത്. എന്നാല്‍, യാതൊരുവിധ പ്രതിരോധ നടപടികളോ ബോധവല്‍ക്കരണമോ നടത്താന്‍ നഗരസഭാ ഭരണസമിതി തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന കോതമംഗലം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി രാത്രികാലങ്ങളില്‍ ഇരുട്ടിലാകുന്നതും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.
അത്യാഹിത വിഭാഗത്തില്‍ പോലുമെത്താന്‍ ഇന്‍വെര്‍ട്ടറോ ജനറേറ്ററോ സ്ഥാപിച്ചിട്ടില്ല. പുതിയ ഭരണസമിതി നിലവില്‍ വന്നിട്ടും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി പുനഃസംഘടിപ്പിക്കാത്തതിനെതിരെയും പ്രതിഷേധം ശക്തമാണ്.



















































