കീരംപാറ: പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം കൂടിയ സർവ്വകക്ഷി യോഗ തീരുമാനപ്രകാരം തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റിൻ്റേയും, വൈസ് പ്രസിഡന്റിൻ്റേയും നേതൃത്വത്തിൽ ഡിഎഫ്ഒ സൂരജ് ബെൻ ഐഎഫ്എസുമായി കൂടിക്കാഴ്ച നടത്തി. വനമേഖലയിലെ മരം മുറിച്ചു മാറ്റുന്നതിന് അഴിച്ച സോളാർ ഫെൻസിംഗ് ഒരാഴ്ച്ചയക്കുള്ളിൽ പൂർത്തീകരിക്കുമെന്നും, ആയതിന് ആവശ്യമായ എനർജയിസറുകൾ സ്ഥാപിക്കുമെന്നും ഡിഎഫ്ഒ ഉറപ്പ് നൽകി.
കൂടാതെ ഉൾവഴികളിൽ വഴി വിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതി, വാട്ടർ സ്ക്വാഡ് , വളരെ പ്രശ്നക്കാരനായ ആനയെ വേണ്ടി വന്നാൽ പിടിച്ച് മാറ്റുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു. ഈ വരുന്ന ഞായറാഴ്ച നാട്ടിൽ ഇറങ്ങിയ ആനകളെ പുഴ കടത്തി വിടുന്നതിനായി നടത്തുന്ന സ്പെഷ്യൽ ഡ്രൈവിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് ഡിഎഫ്ഒ ആഹ്വാനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് റീന ജോഷി, വൈസ് പ്രസിഡൻ്റ് ബിനോയ് സി പുല്ലൻ, പഞ്ചായത്ത് മെമ്പർ അയ്യപ്പൻ എം സി , കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് രാജു എബ്രഹാം, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജോജി സ്കറിയ, ആർഎസ്പി മണ്ഡലം പ്രസിഡൻ്റ് പി. ഡി എൽദോസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോസഫ് രഞ്ജിത്, വിഎസ്എസ് പ്രസിഡൻ്റ് ഏലിയാസ് പോൾ, റേഞ്ച് ഓഫീസർ സഞ്ജീവ് കുമാർ എന്നിവർ പങ്കെടുത്തു.


















































