കോതമംഗലം: ഫിഫ ലോകകപ്പ് ഫൈനൽ മത്സരം വൻ സ്ക്രീനിൽ ഒരുമിച്ച് ആസ്വദിക്കാൻ കോതമംഗലത്ത് ആദ്യമായി സംഘടിപ്പിച്ച ഫുട്ബോൾ ഫിയസ്റ്റ 2026 ശ്രദ്ധേയമായി. ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ ഹോളിഡേ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ഏകദേശം 500-ഓളം ഫുട്ബോൾ പ്രേമികൾ പങ്കെടുത്ത് മത്സരത്തിന്റെ ആവേശം പങ്കിട്ടു.
സ്പെയിനും അർജന്റീനയും തമ്മിലുള്ള ഫൈനൽ മത്സരം വലിയ സ്ക്രീനിൽ തത്സമയം പ്രദർശിപ്പിച്ചപ്പോൾ വിവിധ പ്രായക്കാരായ ഫുട്ബോൾ ആരാധകർ ആവേശത്തോടെയാണ് മത്സരം വീക്ഷിച്ചത്. ഓരോ മുന്നേറ്റങ്ങളും, നിർണായക നിമിഷങ്ങളും കൈയടികളോടും ആർപ്പുവിളികളോടും കൂടിയാണ് ആഘോഷിച്ചത്.
കോതമംഗലത്ത് ഫുട്ബോൾ ആരാധകരെ ഒരേ വേദിയിൽ ഒന്നിപ്പിച്ച പരിപാടി വ്യത്യസ്തമായ അനുഭവമായി മാറി.കോതമംഗലത്ത് ആദ്യമായാണ് ഇത്രയും വലിയ തോതിൽ വേൾഡ് കപ്പ് ഫൈനൽ മത്സരത്തിന്റെ പൊതുപ്രദർശനം സംഘടിപ്പിച്ചത്. ഇത്തരമൊരു വേദി ഒരുക്കിയ എം.എൽ.എ ഷിബു തെക്കുംപുറത്തിന് ഫുട്ബോൾ പ്രേമികൾ നന്ദി അറിയിച്ചു.പരിപാടിക്ക് ലഭിച്ച മികച്ച ജനപങ്കാളിത്തം സന്തോഷം നൽകുന്നതാണെന്നും, കായികരംഗത്ത് കോതമംഗലത്തെ കൂടുതൽ സജീവമാക്കുന്ന ഇത്തരം പരിപാടികൾ വരുംകാലങ്ങളിലും സംഘടിപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു.



















































