കോതമംഗലം: ഇളംബ്ര സ്വദേശിയായ യുവാവ് ന്യൂസിലാന്‍ഡ് പോലീസില്‍ ഉദ്യോഗസ്ഥനായി ചുമതലയേറ്റു. വര്‍ഷങ്ങള്‍ നീണ്ട കഠിനശ്രമത്തിനൊടുവിലാണ് കോതമംഗലം ഇളബ്ര സ്വദേശി വിനയ് ശങ്കര്‍ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. കഠിനാധ്വാനവും ലക്ഷ്യബോധവുമുണ്ടെങ്കില്‍ വിദേശമണ്ണിലും മലയാളിക്കൊടി പാറിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് കോതമംഗലത്തുകാരനായ വിനയ് ശങ്കര്‍. വെല്ലുവിളികള്‍ നിറഞ്ഞ പ്രവേശന പരീക്ഷകളും കഠിനമായ ശാരീരികക്ഷമതാ പരിശോധനകളും മറികടന്നാണ് വിനയ് ന്യൂസിലാന്‍ഡ് പോലീസിന്റെ ഭാഗമായിരിക്കുന്നത്.
എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹോട്ടല്‍ മാനേജ്മെന്റ് ഉപരിപഠനത്തിനായാണ് വിനയ് ന്യൂസിലാന്‍ഡില്‍ എത്തുന്നത്. പഠനത്തിന് ശേഷം അവിടുത്തെ നിയമപാലന സേനയുടെ ഭാഗമാകാന്‍ വിനയ് ആഗ്രഹിച്ചു. തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി ന്യൂസിലാന്‍ഡ് പോലീസ് അക്കാദമിയില്‍ കഠിനമായ പരിശീലനത്തിലായിരുന്നു മലയാളി യുവാവ്.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയതോടെയാണ് ഇപ്പോള്‍ ഔദ്യോഗിക നിയമനം ലഭിച്ചിരിക്കുന്നത്. ഇളംബ്ര പുതികുന്നത്ത് പി.ആര് വിജയന്റേയും ബിന്ദു വിജയന്റേയും മകനാണ് വിനയ്. വിനയിന്റെ അപൂര്‍വ നേട്ടത്തില്‍ കോതമംഗലത്തെ ഇളംബ്ര ഗ്രാമവും തന്റെ സഹോദരന് അജയ് ശങ്കറും സുഹൃത്തുക്കളും ഒപ്പം പ്രവാസി മലയാളി സമൂഹവും ഒന്നടങ്കം വലിയ ആഹ്ലാദത്തിലാണ്.



















































