കോതമംഗലം: കോതമംഗലം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ കോതമംഗലം എം.ബി.എം.എം ആശുപത്രിയിൽ സജ്ജമാക്കിയ റോട്ടറി ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ശനിയാഴ്ച നടത്തും. രാവിലെ 9.30ന് റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് ഗവർണർ മേജർ ഡൊണർ ഡോ. ജി. എൻ. രമേഷ് ഉദ്ഘാടനം നിർവ്വഹിക്കും.
ഷിബു തെക്കുംപുറം എംഎൽഎ മുഖ്യാതിഥിയായിരിക്കും. കോതമംഗലം റോട്ടറി ക്ലബ് പ്രസിഡന്റ് എം.പി.എച്ച്.എഫ് ബോബി പി. കുര്യാക്കോസ് അധ്യക്ഷത വഹിക്കും. എം.ബി.എം.എം ആശുപത്രി സെക്രട്ടറി സലിം ചെറിയാൻ മുഖ്യപ്രഭാഷണം നടത്തും.
റോട്ടറി ഇന്റർനാഷണലിന്റെ നന്മയ്ക്കായി ഒന്നിക്കുക എന്ന ആശയത്തിന്റെ ഭാഗമായി റോട്ടറി ഗ്ലോബൽ ഗ്രാന്റ് പ്രൊജക്റ്റിൽ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.























































