കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്ത് വനിതാ അംഗം ബിന്ദു രാജേന്ദ്രനെയും കുടുംബത്തെയും മര്‍ദിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കോതമംഗലത്ത് പ്രതിഷേധം നടത്തി. ട്രൈബല്‍ ആശാവര്‍ക്കര്‍ കൂടിയായ ബിന്ദു രാജേന്ദ്രന്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്ന പിണുവൂര്‍ കുടിയില്‍ വിജയം നേടിയതിനു പിന്നാലെ നിരന്തര ഭീഷണികള്‍ നേരിട്ടിരുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു.
ആദിവാസി മേഖലയിലെ അനധികൃത മദ്യവില്പനക്കെതിരേ പോലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരമായാണ് ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ ബിന്ദു രാജേന്ദ്രന്‍ ഇപ്പോഴും കോതമംഗലം ബസേലിയസ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഗൂഢാലോചന ഉള്‍പ്പെടെ സമഗ്ര അന്വേഷണം നടത്തി ബന്ധപ്പെട്ട എല്ലാവരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, കെ.പി. ബാബു, ഷമീര്‍ പനക്കന്‍, ബാബു ഏലിയാസ്, പി.സി. ജോര്‍ജ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ സനീറ നസീര്‍, ഉമേഷ് ശിവകുമാര്‍, ബിന്ദു ജോര്‍ജ്, മേരി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



















































