കോതമംഗലം: സഹകരണ ബാങ്കിലെ ജോലി തിരക്കിനിടയിലും കൃഷിയില്‍ നൂറു മേനി വിളയിച്ച് പുതുപ്പാടി സ്വദേശി ലൈജു പൗലോസ്. പാട്ടത്തിന് എടുത്ത ഭൂമിയില്‍ വിവിധയിനം ബഡ് പ്ലാവുകള്‍ നട്ടുപിടിപ്പിച്ച് വിളവെടുത്ത് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിലേക്കായി വിപണിയിലേക്ക് എത്തിച്ചിരിക്കുകയാണ് കോതമംഗലം സര്‍വീസ് സഹകരണ ബാങ്കിന്റെ അസിസ്റ്റന്റ് സെക്രട്ടറിയും മികച്ച കര്‍ഷകന്‍ കൂടിയായ പുതുപ്പാടി വാഴാട്ടില്‍ ലൈജു പൗലോസ്.
ഏത്തവാഴ,പൈനാപ്പിള്‍ ചേന, കോളിഫ്‌ലവര്‍, കാബേജ്,ചോളം തുടങ്ങിയ നിരവധി കൃഷികള്‍ വാണിജ്യ അടിസ്ഥാനത്തില്‍ കൃഷി ചെയ്ത ആളാണ് ലൈജു. അതിനെല്ലാം വിപണന മേഖലകള്‍ എല്ലാം കണ്ടെത്തുവാനും അദ്ദേഹത്തിന് കഴിഞ്ഞു. വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി, തായ്ലന്‍ഡ് റെഡ് തുടങ്ങിയിനം പ്ലാവുകളും, തെങ്ങിന്‍ തൈകളും നട്ടുപിടിപ്പിച്ച് കുന്നുകര സര്‍വീസ് സഹകരണ ബാങ്കിന് കൈമാറി. വിളവെടുപ്പ് ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കോതമംഗലത്ത് ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് ഗുണകരമായ ഒരു വരുമാന മാര്‍ഗ്ഗമാണ് ബാങ്ക് ഇത്തരത്തില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നതെന്ന് ആന്റണി ജോണ്‍ എംഎല്‍എ പറഞ്ഞു. കോതമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എല്‍ദോസ് പോള്‍, സെക്രട്ടറി ദീപു ജോര്‍ജ്, കോതമംഗലം കൃഷി ഓഫീസര്‍ സതിരാജന്‍, കൃഷി അസിസ്റ്റന്റ് ഓഫീസര്‍മാര്‍, കെ.ജി വെങ്കിടേശ്വരന്‍, ബിജു എം.പി, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






















































