കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി കോളനിക്കു സമീപം കാട്ടാന പരിക്കേൽപ്പിച്ച നിലയിൽ കണ്ടെത്തിയ ആളെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ചിപ്പാറ ആദിവാസി കോളനിയിലെ ബിജു വാസു എന്ന 45 കാരനെയാണ് ഇന്ന് രാവിലെ ആനയൊടിഞ്ഞപാറയിൽ നിന്ന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.
ഒരു ബന്ധുവിൻ്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ മൂന്ന് ദിവസം മുമ്പ് കുഞ്ചിപ്പാറയിൽ നിന്ന് വാരിയത്ത് പോയി ഇന്നലെ വൈകിട്ടോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാട്ടാനയാക്രമണം ഉണ്ടായതെന്നും തുമ്പിക്കൈക്ക് അടിക്കുകയായിരുന്നുവെന്നും മകൻ ലക്ഷമണൻ പറഞ്ഞു. ഇന്ന് രാവിലെ 10 മണിയോടെയാണ് ബിജു വാസുവിനെ പ്രദേശവാസികൾ പരിക്കേറ്റ നിലയിൽ കണ്ടത്. മുഖത്തും മറ്റ് ശരീര ഭാഗങ്ങളിലും പരിക്കേറ്റ ബിജു വാസുവിനെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഉച്ചയോടെ വിദഗ്ദ്ധ ചികിത്സക്കായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഫോറസ്റ്റ് അധികൃതർ ആശുപത്രിയിലെത്തി മേൽനടപടികൾ സ്വീകരിച്ചു.