കോതമംഗലം: ഇന്ധന-പാചക വാതക വിലയിൽ നിന്നു സംസ്ഥാന സർക്കാരിനു ലഭിക്കുന്ന അധിക നികുതി വരുമാനം സബ്സിഡിയായി നൽകണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. പാചക വാതക വില വർധനക്കെതിരെ കോതമംഗലം പോസ്റ്റ് ഓഫിസിന് മുന്നിൽ യുഡിഎഫ് പ്രവർത്തകർ സംഘടിപ്പിച്ച അടുപ്പ് കൂട്ടി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഡിസംബറിൽ 601 രൂപയ്ക്ക് ലഭിച്ചിരുന്ന ഗ്യാസ് ഇപ്പോൾ വീട്ടിൽ എത്തുമ്പോൾ 900 രൂപ കഴിയും. രാജ്യാന്തര എണ്ണ വിലയുടെ 26% കുറവാണ് ഇപ്പോഴത്തെ നിരക്ക്. എന്നിട്ടും വില ഇങ്ങനെ കൂട്ടുന്നത് ജനദ്രോഹമാണ്.
ബാങ്ക് വഴി നൽകിയിരുന്ന സബ്സിഡി വീട്ടമ്മമാർക്ക് ആശ്വാസമായിരുന്നു. ഈ സംവിധാനം ഒരു വർഷം മുൻപ് നിർത്തി. കോവിഡ് കാലത്ത് കേന്ദ്ര സർക്കാരിൻ്റെ ഇരുട്ടടി താങ്ങാവുന്നതിലും അപ്പുറമാണ്. ഇവിടെയാണ് സംസ്ഥാന സർക്കാരിൻ്റെ ഇടപെടൽ ഉണ്ടാകേണ്ടത്. പെട്രോളിന്റെ അടിസ്ഥാന വിലയിൽ 146 ശതമാനമാണ് നികുതി. ഇതിൽ 85 ശതമാനം കേന്ദ്ര നികുതിയും 61ശതമാനം സംസ്ഥാന നികുതിയുമാണ്. കേന്ദ്ര, സംസ്ഥാന സർക്കാരിന് ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കിൽ അധിക നികുതി വരുമാനം ഉപേക്ഷിക്കാൻ തയാറാകണമെന്നും ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു.
മണ്ഡലം ചെയർമാൻ പി.എ. പാദുഷ അധ്യക്ഷത വഹിച്ചു. കെ.പി. ബാബു, പി.പി.ഉതുപ്പാൻ, എ.ജി.ജോർജ്, എം.എസ്.എൽദോസ്, പി.എ.എം. ബഷീർ, എ.ടി.പൗലോസ്, മാത്യു ജോസഫ്, റോയ് കെ.പോൾ, സിജു എബ്രാഹം, ജോർജ് അമ്പാട്ട്, അനൂപ് ഇട്ടൻ, ജോബി തെക്കേക്കര, അനൂപ് കാസിം, അനൂപ് ജോർജ്, കെ.എ.ജേക്കബ്, സി.കെ.സത്യൻ, ജോർജ് വർഗീസ്, ഭാനുമതി രാജു എന്നിവർ പ്രസംഗിച്ചു.