കോതമംഗലം: ഷിബു തെക്കുംപുറം കനിവും കരുതലുള്ള നേതാവാണെന്ന് ഡീൻ കുര്യാക്കോസ് എംപി. ദുരിതം അനുഭവിക്കുന്നവരുടെ നൊമ്പരം അകറ്റാൻ ഷിബു എന്നും മുന്നിലുണ്ടാകുമെന്ന് തൻ്റെ കഴിഞ്ഞകാല പ്രവർത്തനം കൊണ്ട് തെളിയിച്ച വ്യക്തിയാണ് ഷിബു. കോതമംഗലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ്
പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. വികസന മുരടിപ്പിൻ്റെ അഞ്ചു വർഷമാണ് കടന്നു പോയത്. മലയോര മേഖലയ്ക്ക് ഏറെ ഗുണകരമായ ശബരി റെയിൽവേ പദ്ധതി അട്ടിമറിച്ചത് ഈ സർക്കാരാണ്. പദ്ധതിയുടെ പ്രാധാന്യം സർക്കാരിനെ ബോധ്യപ്പെടുത്തുന്നതിൽ എംഎൽഎ പരാജയപ്പെട്ടു. കോതമംഗലം- കാക്കനാട് നാലുവരിപാത ഇപ്പോഴും സ്വപ്നമായി അവശേഷിക്കുന്നത് എംഎൽഎയുടെ കാര്യശേഷി കുറവുമൂലമാണെന്നും അദ്ദേഹം ആരോപിച്ചു.
യോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.പി. ബാബു അധ്യക്ഷത വഹിച്ചു. ടി.യു.കുരുവിള, പി.പി. ഉതുപ്പാൻ, എ.ജി.ജോർജ്, ജോബി ജേക്കബ്, എം.എസ്.എൽദോസ്, പി.എസ്.എം.സാദിഖ്, പി.കെ.മൊയ്തു, എ.ടി.പൗലോസ്, അഡ്വ.മാത്യു ജോസഫ്,
എബി എബ്രാഹാം, അഡ്വ. അബു മൊയ്തീൻ, പീറ്റർ മാത്യു, കെ.പി.റോയ്, സീതി മുഹമ്മദ്, പ്രിൻസ് വർക്കി എന്നിവർ പ്രസംഗിച്ചു. കവളങ്ങാട് പഞ്ചായത്തിലെ മുപ്പതോളം കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്ക് സ്വീകരണം നൽകി. ചിഹ്നമായ ട്രാക്ടറുകളും പര്യടനത്തെ അനുഗമിച്ചു . വിവിധ കേന്ദ്രങ്ങളിൽ ചന്ദ്രലേഖ ശശിധരൻ, ജെയിംസ് കോറബേൽ, പരീത് പട്ടംമാവുഡി, ബേബി സേവ്യർ, കെ.ഇ.കാസിം, പി.എം.സിദ്ധീഖ്, പി.സി.ജോർജ് എന്നിവർ പ്രസംഗിച്ചു. ആവോലിച്ചാൽ സിറ്റിയിൽ പര്യടനം സമാപിച്ചു.