കോതമംഗലം: നേര്യമംഗലത്തിന് സമീപം ചെമ്പന്‍കുഴിയില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് ചെമ്പന്‍കുഴി പള്ളിക്ക് സമീപം കുപ്പശേരി അനില്‍കുമാറിന്റെ പുരയിടത്തില്‍ കാട്ടാന എത്തിയത്. വ്യാപക കൃഷി നാശമാണ് വരുത്തിയത്. തെങ്ങ്, വാഴ, കൊക്കോ, കമുക് തുടങ്ങിയവ തിന്നും ചവിട്ടി മെതിച്ചും നശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ചെമ്പന്‍കുഴിയില്‍ പ്രധാന റോഡില്‍ ഇറങ്ങിയ കൊമ്പന് പ്രദേശവാസികളെ ഏറെ നേരം ഭീതിയിലാഴ്ത്തിയിരുന്നു.
ആര്‍ആര്‍ടിയും വനംവകുപ്പ് അധികൃ തരും ഏറെ പണിപ്പെട്ട് റബര്‍ ബുള്ളറ്റിന് വെടിയുതിര്‍ത്താണ് കൊമ്പനെ കാട്ടിലേക്ക് തുരത്തിയത്. പ്രദേശത്തെ വന്യമൃഗ ശല്യത്തിന് അടിയന്തര പരിഹാരം വേണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം.




















































