- ഷാനു പൗലോസ്
കോതമംഗലം: കോതമംഗലത്തിന് അഭിമാനമായി ഒരു വൈദീകൻ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരി.പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവായുടെ മലങ്കര കാര്യ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഫാ.ജോഷി സി. എബ്രാഹാമിനെയാണ് മെത്രാപ്പോലീത്തയായി വാഴിക്കുന്നത്. കോതമംഗലം നീണ്ടപാറ സ്വദേശിയായ ജോഷി അച്ചന് ലഭിച്ച ദൈവനിയോഗത്തിൽ യാക്കോബായ സുറിയാനി സഭയുടെ വിശ്വാസികൾ ആഹ്ലാദത്തിലാണ്.
ചെമ്പൻകുഴി സെന്റ്.ജോൺസ് യാക്കോബായ സുറിയാനി പള്ളി ഇടവകയിലെ ചെമ്പകശ്ശേരിൽ എബ്രാഹാമിന്റെയും ഏലിയാമ്മയുടെയും അഞ്ച് മക്കളിൽ രണ്ടാമനായിട്ടാണ് ജനനം. ചെറുപ്പം മുതൽ പൗരോഹിത്യത്തെ സ്വീകരിക്കുന്നതിനുള്ള ഒരുക്കത്തിൽ ജീവിച്ച ജോഷി അച്ചൻ വെട്ടിക്കൽ സെമിനാരിയിൽ നിന്ന് സ്വർണ്ണ മെഡലലോടെയാണ് വൈദീക വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
ഫാ.ജോഷി സി.എബ്രാഹാമിനൊപ്പം മലബാർ ഭദ്രാസന കൗൺസിൽ തെരെഞ്ഞെടുത്ത ഫാ.ഷിബു കുറ്റിപറിച്ചേലിനെയും മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തും. വയനാട് മലങ്കരകുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ ഫാ.ഷിബു കുറ്റിപറിച്ചേൽ തന്റെ വൃക്ക മുസ്ലിം സഹോദരിക്ക് പകുത്തു നൽകിയ വൈദികൻ കൂടിയാണ്. യാക്കോബായ സുറിയാനി സഭയുടെ എപ്പിസ്ക്കോപ്പൽ സിനഡിന്റെ അംഗീകാര ശുപാർശ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രീഗോറിയോസ് പരി.ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവക്ക് നേരിട്ട് നൽകിയിരുന്നു.
മെത്രാപ്പോലീത്ത വാഴ്ചയ്ക്ക് പാത്രിയർക്കീസ് ബാവ അനുമതി നൽകി കൊണ്ടുള്ള കല്പന ഇന്നലെ സഭാ ആസ്ഥാനത്ത് ലഭിച്ചു. ഫാ.ഗീവർഗീസ് (ഷിബു)കുറ്റിപ്പറിച്ചേൽ, ഫാ.മർക്കോസ് (ജോഷി) എബ്രഹാം എന്നീ വൈദികരെ 2022 സെപ്റ്റംബർ 14ന് ലബനോനിൽ വച്ച് മെത്രാപോലിത്തന്മാരായി വാഴിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായാണ് പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ ഔദ്യോഗിക കൽപ്പനയിലുള്ളത്.