കോതമംഗലം: വില്ലേജ് ഓഫിസറുടെ ത്യാഗോജ്വലവും വിശ്രമമില്ലാത്ത പ്രയത്നവും ജനങ്ങളുടെ സഹകരണവും ഒത്തുചേർന്നപ്പോൾ തൃക്കാരിയൂർ വില്ലേജ് ഓഫീസിന് പുതിയ മുഖം. വില്ലേജ് ഓഫിസർ പി.എം റഹീമിൻ്റെ ആശയവും നാട്ടുകാരുടെ അകമഴിഞ്ഞസഹകരണവും ഒത്ത് ചേർന്നപ്പോൾ തൃക്കാരിയൂർ വില്ലേജ് ഓഫീസിൻ്റെ മുഖച്ഛായതന്നെ മാറി. പുതിയ വില്ലേജ് ഓഫിസറായി റഹിം സാർ സ്ഥലം മാറിയെത്തിയപ്പോൾ കാടുപിടിച്ച് അസൗകര്യങ്ങളാൽ വീർപ്പ് മുട്ടി തികച്ചും ജീർണവസ്ഥയിലായിരുന്നു വില്ലേജ് ഓഫിസ് കെട്ടിടം. മാസങ്ങളുടെ പ്രയത്നഫലമായി ജനകീയ വില്ലേജ് ഓഫീസിന് ആധുനികമുഖം കൈവന്നു. കഴിഞ്ഞ ദിവസം
ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഓഫീസിൻ്റെ നവീകരണത്തിനായി സഹകരിച്ച ഇരുപതോളം പേരെ കളക്ടർ എസ് സുഹാസ് ഉപഹാരം നൽകി ആദരിച്ചു.
1987ലാണ് വില്ലേജ് ഓഫീസ് ആരംഭിച്ചത്. മൂന്നു പഞ്ചായത്തുകളിലെയും നഗരസഭയിലെയും വാർഡുകൾ കൂട്ടിച്ചേർത്താണ് മൂന്ന് സെൻറ് സ്ഥലത്ത് ആയക്കാട് ജംഗ്ഷന് സമീപം വില്ലേജ് ഓഫിസ് സ്ഥാപിച്ചത്. പൊതുമരാമത്ത് റോഡിനോട് ചേർന്നായത് കൊണ്ട് നവീകരണത്തിന് പോയിട്ട് അറ്റകുറ്റപ്പണിക്ക് പോലും സർക്കാർ ഫണ്ട് ലഭിച്ചില്ല. തുടർന്ന് രണ്ട് സഹകരണ സ്ഥാപനങ്ങൾ ഉൾപ്പെടെ ഇരുപതോളം വ്യക്തികളുടെ സഹകരണം കൊണ്ട് ഓഫിസ് മോഡി പിടിപ്പിച്ചത്. പണം വാങ്ങാതെ ആറ് ലക്ഷം രൂപയുടെ സാധനസാമഗ്രികൾ ഓരോരുത്തരും സ്പോൺസർ ചെയ്തതാണ് ആധുനീക സൗകര്യങ്ങളോടെ ഓഫിസ് ആകർഷകമാക്കിയത്.
ഒരു നിലയിലായിരുന്ന ഓഫിസ് കെട്ടിടം ഇപ്പോൾ രണ്ടു നിലകളിലായി മുകൾനിലയിൽ എ.സി.പി കവറിംങ് നൽകിയാണ് കോൺഫറൻസ് ഹാളും സജ്ജമാക്കിയിട്ടുള്ളത്. താഴത്തെ നിലയിൽ പൊതുജനങ്ങൾക്കുള്ള ഇരിപ്പിടം കുടിവെള്ള സൗകര്യം കൂടുതൽ കൗണ്ടറുകൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ജീവനക്കാർക്കും പൊതുജനങ്ങൾക്കും കൂടുതൽ സൗകര്യങ്ങൾ ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്. എങ്ങനെ ആയിരിക്കണം ഒരു സർക്കാർ ഉദ്യോഗസ്ഥൻ താൻ ജോലി ചെയ്യുന്ന ഓഫിസിനെ പരിപാലിക്കേണ്ടതെന്നതിന് ഉത്തമ മാതൃകയാവുകയാണ് മികച്ച വില്ലേജ് ഓഫിസർക്കുള്ള സംസ്ഥാന സർക്കാരിൻ്റെ 2019ലെ സിവിലിയൻ പുരസ്കാരം കൂടിനേടിയ ഈ യുവ വില്ലേജ് ഓഫിസർ.