കോതമംഗലം : ഓൺലൈൻ വിദ്യാഭ്യാസം ലോകത്ത് ഒരു വലിയ പരിവർത്തനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. കേരളവും ആ മാറ്റത്തിനൊപ്പം സഞ്ചരിക്കുന്നു. എല്ലാ കുട്ടികൾക്കും ഏറ്റവും മികച്ച അധ്യാപകരുടെ സേവനം ഏറ്റവും നവീനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഭിക്കാൻ പോകുന്നു. തുടക്കത്തിന്റെ പരിമിതികൾ ഉണ്ടാകാം. പക്ഷെ ഒരു സങ്കൽപം എന്ന നിലയ്ക്ക് നിർണായകമായ പ്രാധാന്യമാണ് ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ളത്.
എല്ലാ കുട്ടികൾക്കും ഈ സാധ്യത പ്രയോജനപ്പെടുത്താൻ കഴിയണം. അതിന് സാങ്കേതിക സംവിധാനങ്ങൾ കുട്ടികൾക്ക് മുഴുവൻ ലഭിക്കണം. ഇപ്പോൾ അതിന് കഴിഞ്ഞിട്ടില്ല. കോതമംഗലം നിയോജകമണ്ഡലത്തിൽ 25 അർഹരായ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി ടാബ്ലറ്റുകൾ നല്കാൻ തീരുമാനിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ഒരു മാതൃക എന്ന നിലയിൽ പൊതുജന പങ്കാളിത്തത്തോടെയാണ് സ്മാർട്ട് ടാബ്ലറ്റ് സ്കീം നടപ്പിലാക്കുന്നത്. എയ്ഡഡ്, സർക്കാർ സ്കൂളുകളിൽ പത്താം ക്ളാസിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. രണ്ടാം ഘട്ടത്തിൽ ടി വി , സ്മാർട്ഫോൺ , ലാപ്ടോപ്പ് എന്നിവ കൂടി ഉൾപ്പെടുത്തും.
കൂടുതൽ കുട്ടികൾക്ക് ഈ സ്കീം പ്രയോജനകരമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കേരള കോൺഗ്രസ് (എം) എറണാകുളം ജില്ലാ പ്രസിഡന്റ ഷിബു തെക്കുംപുറം പറഞ്ഞു. ഓൺലൈൻ പഠന സാധ്യത നിഷേധിക്കപ്പെട്ടതിന്റെ പേരിൽ ദേവിക എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം നമ്മെ ഏവരെയും വല്ലാതെ ഉലച്ച സംഭവമാണ്. ഹൈടെക് ആണെന്ന് അവകാശപ്പെടുന്ന നമ്മുടെ സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ വേദനാജനകമാണ് അതിനുള്ള കരുതൽ കൂടിയാണ് സ്മാർട്ട് ടാബ്ലറ്റ് സ്കീം പദ്ധതി. സർക്കാർ മുൻകൈ എടുത്ത് പൊതു പങ്കാളിത്തത്തോടെ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം അടിയന്തരമായി സജ്ജമാക്കണമെന്നും ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു.