Connect with us

Hi, what are you looking for?

CHUTTUVATTOM

വാക്ക് മാറ്റാത്ത പോരാളി, അടിയുറച്ച നിലപാടുകൾ എടുത്ത ജനകീയ നേതാവ്; വിടവാങ്ങിയ പി.ടിയുടെ കണ്ണുകൾ ദാനം ചെയ്‌തു.

എറണാകുളം : തൃക്കാക്കര എംഎൽഎ പി.ടി. തോമസ് (71) ‌അന്തരിച്ചു. രോഗബാധിതനായി ചികിൽ‌സയിലായിരുന്നു. നാലു തവണ എംഎൽഎയും ഒരു തവണ എംപിയുമായിരുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റായിരുന്നു. ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12 ന് ജനിച്ചു. തൊടുപുഴ ന്യൂമാൻ കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ.ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
സ്കൂളിൽ പഠിക്കുമ്പോൾ കെഎസ്‍യുവിലൂടെയാണ് പി.ടി. തോമസ് രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചത്. കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നൂ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1980 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി.

2007 ൽ ഇടുക്കി ഡിസിസി പ്രസിഡന്റായി. കെപിസിസി. നിർവാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്‌ടർ, കെഎസ്‌യു മുഖപത്രം കലാശാലയുടെ എഡിറ്റർ, ചെപ്പ് മാസികയുടെ എഡിറ്റർ, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്‌ഥാന ചെയർമാൻ, കേരള ഗ്രന്ഥശാലാ സംഘം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. 1991, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽനിന്നും 2016 ലും 2021 ലും തൃക്കാക്കരയിൽനിന്നും ജയിച്ചു. 2009 ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽനിന്നു ജയിച്ച് എംപിയായി. 1996, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു.

പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി.ടി.തോമസ്. ഗാഡ്ഗിൽ റിപ്പോ‍ർട്ട് നടപ്പാക്കണമെന്ന പി.ടി. തോമസിന്റെ നിലപാടിനെതിരെ കടുത്ത എതിർപ്പുയർന്നപ്പോഴും അദ്ദേഹം നിലപാടിൽത്തന്നെ ഉറച്ചുനിന്നു. കിറ്റെക്സ് കമ്പനിയുടെ പ്രവർത്തനം കടമ്പ്രയാർ മലിനപ്പെടുത്തിയെന്ന പി.ടി.തോമസിന്റെ ആരോപണവും തുടർന്നുണ്ടായ വിവാദങ്ങളും വാർത്തകളിൽ നിറഞ്ഞിരുന്നു. ‘എഡിബിയും പ്രത്യയശാസ്‌ത്രങ്ങളും’ എന്ന പുസ്‌തകം രചിച്ചിട്ടുണ്ട്. ഭാര്യ: ഉമ തോമസ്, മക്കൾ: വിഷ്‌ണു തോമസ്, വിവേക് തോമസ്.

കഴിഞ്ഞ മാസമാണ് നട്ടെല്ലിനെ ബാധിച്ച അർബുദത്തിനുള്ള ചികിത്സയ്ക്ക് ആയി പി.ടി.തോമസ് വെല്ലൂരിലെ ആശുപത്രിയിൽ എത്തിയത്. പിടി തോമസിൻ്റെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് അൽപസമയത്തിനകം തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടും. കൊച്ചിയിലേക്ക് പുറപ്പെടും മുൻപ് പിടിയുടെ കണ്ണുകൾ ദാനം ചെയ്യും. ഇതിനുള്ള അനുവാദം കുടുംബം സി.എം.എസ് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്. സിഎംസി ആശുപത്രിയിൽ ഇത് സംബന്ധിച്ച് നടപടികൾ നടക്കുകയാണെന്നും ഇതിനു ശേഷമാവും പിടിയുടെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് കൊച്ചിയിലേക്ക് പുറപ്പെടുക.

പിടി തോമസിന്റെവ മൃതദേഹം രാത്രി പത്തുമണിയോടെ ഇടുക്കി ഉപ്പുതോടിലെത്തിക്കും. അവിടെ നിന്നും പുലർച്ചയോടെ കൊച്ചിയിലെത്തിക്കും. രാവിലെ ഏഴുമണിക്ക് ഡിസിസി ഓഫീസിൽ എത്തിക്കുന്ന മൃതദേഹം എട്ടു മണിക്ക് ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ഒന്നരവരെയാവും ടൗൺഹാളിൽ പൊതു ദർശനം. തുടർന്ന് തൃക്കാക്കര കമ്യൂണിറ്റി ഹാളിൽ പൊതു ദർശനം, തുർന്ന് വൈകിട്ട് നാലരടോയെ രവിപുരം ശ്മശാനത്തിൽ സംസ്കാരം എന്നാണ് നിലവിലെ ഡിസിസിയിലെ ധാരണ. സംസ്കാരത്തിനുശേഷം ചിതാഭസ്മം ഉപ്പുതോട്ടിലെ അമ്മയുടെ കല്ലറയിൽ അടക്കം ചെയ്യണം എന്നായിരുന്നു പിടിയുടെ അന്ത്യാഭിലാഷം.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്ത് പന്ത്രണ്ട് പേരെ കടിച്ച നായ്ക്ക് നായക്ക് പേ വിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് നായ ഓടിനടന്ന് ആളുകളെ കടിച്ചത്. നായക്ക് പേ വിഷബാധയുണ്ടായിരുന്നതായാണ് വെറ്റിനറി കോളേജിലെ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.നായയുടെ ജഢമാണ്...

NEWS

    കോതമംഗലം : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയ ഫാ. ജോയി പീണിക്കപറമ്പിൽ പ്രഥമ ദേശീയ അവാർഡ് ഏറ്റുവാങ്ങി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്.കായിക ലോകത്ത് മിന്നിത്തിളങ്ങുന്ന കോളേജിന്റെ 2022 -23...

NEWS

കോതമംഗലം: കോതമംഗലം, മാർ അത്തനേഷ്യസ് കോളേജിൽ വിരമിക്കുന്ന അധ്യാപക- അനധ്യാപകർക്ക് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് മാനേജുമെൻ്റും സ്റ്റാഫും ചേർന്ന് സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ മാർ അത്തനേഷ്യസ് കോളേജ്...

NEWS

കോതമംഗലം :ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക പ്രകാരം എറണാകുളം ജില്ലയിൽ 27786 പുതിയ വോട്ടർമാർ. മാർച്ച് 25 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 18നും 19നും മധ്യേ പ്രായമുള്ള യുവ വോട്ടർമാർ...