കോതമംഗലം : ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ കൂടെ കടന്നു പോകുന്ന എൻ.എച്ച്-85 (കൊച്ചി-തേനി ഗ്രീൻ ഫീൽഡ് കോറിഡോർ), തിരുവനന്തപുരം, കൊട്ടാരക്കര, കോട്ടയം, അങ്കമാലി എം.സി റോഡിന് സമാന്തര ദേശീയപാത, കൊല്ലം-ഡിണ്ടിഗൽ ദേശീയ പാതയിൽ (എൻ.എച്ച്-183) മുണ്ടക്കയം മുതൽ കുമിളി വരെ 2 വരിപ്പാത എന്നീ 3 നാഷണൽ ഹൈവേകളുടെ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് നേതൃത്വം നൽകാൻ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ, സ്പെഷ്യൽ തഹസിൽദാർമാരെയും നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. പുതിയ എൻ.എച്ച്. 85 ന് ഭൂമി ഏറ്റെടുക്കുന്നതിനായി എറണാകുളം ജില്ലയിൽ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറെയും ഇടുക്കി ജില്ലയിൽ സ്പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാറെയും ചുമതലപ്പെടുത്തിയാണ് ഓഫീസ് അനുവദിച്ചിരിക്കുന്നത്.
സർക്കാർ ഉത്തരവ് വന്നതോടെ മേൽപ്പറഞ്ഞ റോഡുകളുടെ വികസനപ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും എൻ.എച്ച്-മായി ബന്ധപ്പെട്ട മറ്റ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. പദ്ധതികൾ അനുവദിച്ചതിന് ശേഷം 3 മാസമായിട്ടും ഭൂമിഏറ്റെടുക്കൽ നടപടികൾ ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരിക്കുന്ന അവസരത്തിൽ എം.പി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെക്കണ്ട് നേരിൽ കത്ത് നൽകിയിരുന്നു.