കോതമംഗലം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 136 അടിയായി ഉയർന്നിരിക്കുന്നതിനാൽ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അധിക ജലം സ്പിൽവേ ഷട്ടറിലൂടെ ഒഴുക്കിക്കളയുന്നതിന് കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും കേന്ദ്ര ജലശക്തിവകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തിനും ഡീൻ കുര്യാക്കോസ് എംപി കത്തു നൽകി. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ സ്വീകരിക്കാൻ തമിഴ്നാടിന്റെ ഭാഗത്തുനിന്ന് സമീപനമുണ്ടാകണമെന്നും കേരളത്തിലെ ജനങ്ങൾ വളരെയേറെ ഭീതിയിലാണെന്നും എംപി പറഞ്ഞു.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയും ഡാമിലേക്കുള്ള ജലത്തിന്റെ വരവിനനുസരിച്ച് തമിഴ്നാട് ജലം കൊണ്ടുപോകാതിരിക്കുകയും ചെയ്തതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. ഡാമിലെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തി കൂടുതലുള്ള വെള്ളം സ്പിൽവേ ഷട്ടറിലൂടെ ഒഴുക്കി കളയുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിയമ പ്രശ്നങ്ങൾക്കപ്പുറത്ത് കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കേന്ദ്ര സർക്കാർ അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നും എംപി ആവശ്യപ്പെട്ടു.