കോതമംഗലം : കോതമംഗലം ബൈപ്പാസ് റോഡിന് സമീപമുള്ള കള്ള് ഷാപ്പിൽ കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ കള്ള് കുടിക്കാൻ എത്തിയെന്ന രീരിതിയിൽ സോഷ്യൽ മീഡിയകളിലൂടെ ദൃശ്യങ്ങൾ വൈറലായിരുന്നു , തുടർന്ന് ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ഷാപ്പിലെ ജീവനക്കാരന് എതിരെ കേസെടുത്തു. സംഭവം വിവാദമായതിനെ തുടർന്നാണ് നടപടി. വിദ്യാർത്ഥികൾ കള്ള് ഷാപ്പിൽ നിന്ന് പുറത്ത് വരുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയതിനെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ ഇന്ന് ഷാപ്പിലെത്തി ജീവനക്കാരന്റെ മൊഴിയെടുത്തു.
വിൽപ്പനക്കാരൻ വിദ്യാർത്ഥികൾക്ക് കള്ള് കുടിക്കാൻ കൊടുത്തിട്ടില്ല എന്ന മൊഴിയാണ് നൽകിയിരിക്കുന്നത്. എന്നാൽ അബ്ക്കാരി നിയമപ്രകാരം 15 ബി വകുപ്പ് ചുമത്തി ഷാപ്പ് ജീവനക്കാരന് എതിരെ കേസെടുത്തിട്ടുണ്ട്. കോതമംഗലം റേയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം കെ റെജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് എടുത്തത്. വിശദമായ പരിശോധനകൾ നടത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.