കോതമംഗലം: നിയോജക മണ്ഡലത്തിൽ 20 പദ്ധതികൾക്കായി 220 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായുള്ള ആൻ്റണി ജോൺ എംഎൽഎയുടെ അവകാശവാദം ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതാണെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം.
ഇരുപതിൽ 16 പദ്ധതികളും എൽഡിഎഫ് സർക്കാർ മുൻപ് അവതരിപ്പിച്ച ബജറ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതാനും റോഡുകളുടെ നവീകരണത്തിന് നാമമാത്രമായ തുകയാണ് ബജറ്റിൽ പുതുതായി ഉള്ളത്. ഈ ബജറ്റിൽ ഉൾപ്പെടുത്തിയെന്നു പറയുന്ന സുപ്രധാന പദ്ധതികളായ മലയോര ഹൈവേ,ഇഞ്ചത്തൊട്ടി പാലം,ബ്ലാവന പാലം,ബംഗ്ലാകടവ് പാലം,ചെറുവട്ടൂർ അടിവാട്ട്,പുലിമല പാലം, തൃക്കാരിയൂർ – വടക്കുംഭാഗം റോഡ് എന്നിവ പോയ വർഷങ്ങളിൽ ഒന്നിലധികം തവണ ബജറ്റിൽ ഇടം പിടിച്ചതാണ്.
വിഭാവനം ചെയ്ത പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിൽ താനും തൻ്റെ സർക്കാരും അമ്പേ പരാജയമാണെന്ന് അടിവരയിടുന്നതാണ് എംഎൽഎയുടെ അവകാശവാദം. കോതമംഗലത്തിൻ്റെ സ്വപ്‌ന പദ്ധതിയായ തങ്കളം- കാക്കനാട് നാലുവരിപാത, ചേലാട് സ്റ്റേഡിയം തുടങ്ങിയവ ബജറ്റിൽ പാടെ അവഗണിച്ചു. വന്യമൃഗ ശല്യം ഒഴിവാക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. ടോക്കൺ തുക മാത്രം വകയിരുത്തിയ 16 പദ്ധതികളുടെ അടങ്കൽ തുക പറഞ്ഞ് ബജറ്റിൽ കോടികളുടെ കണക്ക് പെരിപ്പിച്ചു കാണിച്ചിരിക്കുകയാണ്. അഞ്ച് കോടിയുടെ പുതിയ പദ്ധതികൾ മാത്രമാണ് കോതമംഗലത്തു നിന്ന് ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി എണ്ണമറ്റ പദ്ധതികളുടെ ഉദ്ഘാടന മാമാങ്കം കോതമംഗലത്തു നടന്നു. കാലം ഇത്രയും ആയിട്ടും ഒരു പദ്ധതിയുടെ പോലും നിർമാണ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന മലയോര പാതയുടെ വീതി 12 മീറ്റർ ആയി വർദ്ധിപ്പിച്ചു നവീകരിക്കേണ്ട പദ്ധതി എങ്ങുമെത്താത്ത അവസ്ഥയാണ് ഇന്നുള്ളത്. നിലവിലുള്ള റോഡുകളുടെ അറ്റക്കുറ്റ പണി ബജറ്റിൽ ഉൾപ്പെടുത്തേണ്ട പുതിയ പദ്ധതിയല്ലെന്ന് ജനങ്ങൾക്ക് അറിയാം. കുറച്ചു കാലം കുറെ പേരെ തെറ്റിധരിപ്പിക്കാൻ കഴിഞ്ഞേക്കാം. എല്ലാവരെയും എല്ലാ കാലവും തെറ്റിധരിപ്പിക്കാൻ കഴിയില്ലെന്ന് എംഎൽഎ മനസിലാക്കണം. എംഎൽഎയുടെ ജനവഞ്ജന തുറന്നു കാണിക്കാൻ വിപുലമായ പ്രചാരണം നടത്തുമെന്ന് ഷിബു തെക്കുംപുറം പറഞ്ഞു.