കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
കഫേ മനാര, എടപ്പന ഹോട്ടൽ, ഡിലൈറ്റ് ബേക്കറി ആൻഡ് റെസ്റ്റോറന്റ്, എറിൻസ് പാർക്ക് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്. ഭക്ഷണസാധനങ്ങൾ ഹെൽത്ത് വിഭാഗം നശിപ്പിക്കുകയും സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. നഗരത്തിലെ ചില ഹോട്ടലുകളും രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന ചില തട്ടുകടകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നത്. ഓടകൾക്കു മുകളിൽ പോലും പ്രവർത്തിക്കുന്ന തട്ടുകടകളുണ്ട്. പാചകം ചെയ്യുന്ന പാത്രങ്ങൾ അടക്കം വ്യത്തിയാക്കുന്നതിന് ആവശ്യമായ വെള്ളം പോലും പലയിടത്തുമില്ല. പഴകിയ എണ്ണ വീണ്ടും ഉപയോഗിച്ച് പാചകം ചെയ്യുന്നതായും പരാതിയുണ്ട്. കണ്ടാൽഅറപ്പു തോന്നുന്ന പഴകിയ പാത്രങ്ങളാണ് പലയിടത്തും ഉപയോഗിക്കുന്നത്. മഴക്കാലമായതോടെ ചെളിയും ഭക്ഷണ അവശിഷ്ടങ്ങളും നീക്കം ചെയ്യാതെയാണ് പലയിടത്തും ഭക്ഷണ വിതരണം.
കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാൾ ആരംഭിച്ചതോടെ നഗരത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഒക്ടോബർ 4 ന് പെരുന്നാൾ അവസാനിക്കുംവരെ പെരുന്നാളിൽ പങ്കെടുക്കാൻ വിശ്വാസികളായ പതിനായിരങ്ങൾ എത്തിച്ചേരും. ശുദ്ധമായ വെള്ളവും ഭക്ഷണവും വിതരണം ചെയ്യണമെന്നും നഗരം വ്യത്തിഹീനമാകാതിരിക്കാൻ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമെന്ന് നഗരസഭാധികൃതരടക്ക മുള്ളവർ നിർദേശം നൽകിയിട്ടുണ്ട്.
ഹോട്ടലുകളിലും സ്ഥാപനങ്ങളിലും കർശനമായ പരിശോധനയും ബന്ധപ്പെട്ട വകുപ്പുകളുടെ നിരീക്ഷണവും പെരുന്നാൾ പ്രമാണിച്ച് നഗരത്തിലുണ്ടാകും.