കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ കോതമംഗലം ടൗണിൽ നടന്ന രാത്രി നടത്തം ശ്രദ്ധേയമായി. പരിപാടിക്ക് മുന്നോടിയായി രാത്രി ടൗണിൽ ഒറ്റപ്പെട്ടുപോയ അനുഭവങ്ങൾ സ്ത്രീകൾ പങ്കുവെച്ചു. വിദ്യാഭ്യാസത്തിനും ജോലിക്കുമായി ഇവിടെനിന്ന് ഒട്ടേറെ പേർ ദൂരസ്ഥലങ്ങളിലേക്ക് പോകുന്നുണ്ട്. അസമയത്ത് കോതമംഗലം ടൗണിൽ വന്നിറങ്ങിയപ്പോൾ നല്ലതും ചീത്തയുമായ ഒട്ടേറെ അനുഭവങ്ങൾ അവർക്കുണ്ടായിട്ടുണ്ട്. രാത്രി തനിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകൾ മോശക്കാരാണെന്ന് സമൂഹത്തിലെ ചിലരെങ്കിലും കരുതി വെച്ചിട്ടുണ്ടെന്ന പരിഭവം ആയിരുന്നു കുത്തുകുഴിയിൽ നിന്നുള്ള എംഎസ്ഡബ്ലിയു വിദ്യാർഥിനിക്ക്. രാത്രി ഓട്ടോ കാത്തു നിൽക്കുമ്പോൾ സഹായവാഗ്ദാനവുമായി സുമനസ്സുകളും കള്ളനാണയങ്ങളും അടുത്ത കൂടാറുണ്ടെന്ന് നിരവധി പേർ പറഞ്ഞു.
മാതാപിതാക്കളുടെ വിവാഹ വാർഷിക ദിനത്തിൽ അപ്രതീക്ഷിതമായി വീട്ടിലെത്തി സമ്മാനം നൽകാൻ ഇറങ്ങിപ്പുറപ്പെട്ട ബംഗളൂരിൽ പഠിക്കുന്ന പെൺകുട്ടിക്ക് ഓട്ടോക്കാരനിൽ നിന്നുണ്ടായ അനുഭവം വ്യത്യസ്തമായിരുന്നു. രാത്രി ഏകദേശം രണ്ടു മണിയായി കാണും.ബസ്റ്റാൻഡിൽ നിന്ന് നാല് കിലോമീറ്റർ ദൂരെയുള്ള വീടിന്റെ മുന്നിലിറങ്ങി ഓട്ടോക്കൂലി നൽകി ഗേറ്റ് കടന്നുപോയി ബെല്ലടിച്ചപ്പോൾ വാതിൽ തുറക്കുന്നില്ല.പരിശോധിച്ചപ്പോൾ പുറത്തുനിന്ന് പൂട്ടിയിരിക്കുന്നു.ഫോണിലെ ചാർജ് ഇറങ്ങിപ്പോയ നിലയിലാണ്.തൊട്ടടുത്തെങ്ങും ആൾതാമസമില്ല.എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്നപ്പോൾ,പുറത്ത് ഗേറ്റിനു മുന്നിൽ നിന്ന് ഓട്ടോക്കാരന്റെ ശബ്ദം എന്തു പറ്റി മോളേ….പണം കിട്ടിയ ഉടനെ അയാൾ അടുത്ത ഓട്ടത്തിനായി പായുകയല്ല ചെയ്തത്. താൻ കൊണ്ടുവന്നു വിട്ട പെൺകുട്ടി സുരക്ഷിതയായി വീട്ടിലെത്തിയെന്ന് ഉറപ്പാക്കാനാണ് അയാൾ അവിടെ കാത്തുനിന്നത്.അവിടെനിന്നും മൂന്ന് കിലോമീറ്റർ ദൂരെയുള്ള ബന്ധുവിന്റെ വീട്ടിൽ ചെന്നപ്പോഴാണ് കാര്യം അറിയുന്നത്.അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയായിരുന്നു. മകളെ വിഷമിപ്പിക്കേണ്ടെന്നു കരുതി ആ വിവരം അവർ മറച്ചു വെച്ചിരിക്കുകയായിരുന്നു. രാത്രിയിൽ സ്ത്രീകളോട് കരുതലുള്ള ആ നല്ല മനുഷ്യനും ചടങ്ങിൽ സ്മരിക്കപ്പെട്ടു. രാത്രി നടത്തം എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ബൈപ്പാസ് റോഡിൽ സ്ത്രീകൾ മാത്രം നടത്തുന്ന തട്ടുകടയും പരിപാടിയുടെ ഭാഗമായി പ്രവർത്തിച്ചു.