കോതമംഗലം : രണ്ടു ദിവസം ശാന്തമായിരുന്ന കാലാവസ്ഥ രാവിലെ പത്തു മണിയോടു കൂടി മോശമായിത്തീരുകയായിരുന്നു. അസാധാരണമായി വീശിയടിച്ച കൊടുങ്കാറ്റിൽ കോതമംഗലം താലുക്കിൽ വിവിധ പ്രദേശങ്ങളിൽ നാശനഷ്ടം വിതച്ചു. കോതമംഗലം മേഖലയിൽ കനത്ത മഴയും ശക്തമായ കാറ്റും മലയിൻകീഴ്, രാമല്ലൂർ , തങ്കളം പരിസരങ്ങളിൽ മരങ്ങൾ റോഡിലേക്കും വീടുകളുടെ മുകളിലേക്കും വീണു. ശക്തമായ കാറ്റിൽ പെട്ട് രാമല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ബസിനു മുകളിൽ മരം കടപുഴകി വീണു. യാത്രക്കാർക്കു പരിക്കില്ല.
പത്തു മിനിറ്റോളം വീശിയടിച്ച കൊടുങ്കാറ്റിന് സമാനമായ കാറ്റിലും മഴയിലും അനേകം വീടുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞു വീണ് വൈദ്യുതിയും തടസ്സപ്പെട്ടു. വ്യാപകമായ കൃഷിനാശവും ഉണ്ടായി.
മലയിന്‍കീഴ്-നാടുകാണി റോഡില്‍ കൊവേന്തപ്പടിയിൽ കാറ്റില്‍ മരവും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണപ്പോള്‍ വാഹനയാത്രക്കാര്‍ തലനാരിഴ വ്യത്യാസത്തില്‍ രക്ഷപ്പെട്ടു. മറ്റ് വിവിധ റോഡുകളിലും സമാനമായ അവസ്ഥയുണ്ടായി.