കോതമംഗലം : സ്വന്തം ചിറകിൽ പറക്കാൻ പെൺകുട്ടികളെ പ്രാപ്തരാക്കുന്ന എന്റെ നാടിന്റെ പൂമ്പാറ്റ പദ്ധതിയുടെ രണ്ടാം ഘട്ടവിതരണോത്ഘാടനം കോതമംഗലത്ത് നടന്നു. ഈ പദ്ധതി സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ ചുവടുവയ്പ്പായി മാറും. കോതമംഗലത്തെയും പരിസരത്തെയും സ്കൂളുകളിലെ എട്ടാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർഥിനികൾക്ക് സൈക്കിളുകൾ നൽകുന്നതാണ് പൂമ്പാറ്റ പദ്ധതി. ആദ്യ ഘട്ടത്തിൽ വിദ്യാർഥിനികൾക്ക് 100 ഓളം സൈക്കിളുകൾ സൗജന്യമായി നൽകിയിരുന്നു. തുടർന്ന് ഈ ഘട്ടത്തിൽ 50 സൈക്കിളുകൾ വിതരണം ചെയ്തു. സാമൂഹികമായും, സാമ്പത്തികമായും പെൺകുട്ടികളെ സ്വയം പര്യാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ കരുത്തരാക്കുന്ന പദ്ധതിയുടെ എളിയതുടക്കമാണിത്. എന്റെ നാട് ഓഫീസിൽ വച്ച് നടന്ന പദ്ധതിയുടെ വിതരണോത്്ഘാടനം ചെയർമാൻ ഷിബു തെക്കുംപുറം നിർവ്വഹിച്ചു. കെ.പി കുരിയാക്കോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എന്റെനാട് ഹൈപവർ കമ്മിറ്റി അംഗങ്ങളായ ജേക്കബ് ഇട്ടൂപ്പ്, ജോർജ് അമ്പാട്ട്, ജിജോ കുരൈ്യപ്, ഡാമി പോൾ, സി കെ സത്യൻ ,ബോർഡ് മെമ്പർമാരായ ബാദുഷ പി.എ, സി. ജെ. എൽദോസ്, കെ.കെ. ജോസഫ്, എം. യു. ബേബി, കുര്യാക്കോസ് ജേക്കബ്, സോമൻ പി. എ, സോണി നെല്ലിയാനി, സെക്രട്ടറി പി. പ്രകാശ്, എന്നിവർ പങ്കെടുത്തു. വനിതകൾക്ക് ടൂ വീലർ വാങ്ങാൻ പലിശരഹിത വായ്പ, സൗജന്യമായി ഡ്രൈവിംഗ് ലൈസൻസ്, വിമാനം പറപ്പിക്കാൻ പഠിക്കാൻ താത്പര്യമുളള വനിതകൾക്ക് സൗജന്യമായി പരിശീലനം എന്നിവയും പദ്ധതിയുടെ ഭാഗമായി നൽകുമെന്ന് ചെയർമാൻ അറിയിച്ചു.
You must be logged in to post a comment Login