കോതമംഗലം: എന്റെനാട് ജനകീയ കൂട്ടായ്മയുടെ ആറാം വാര്‍ഷികാഘോഷവും പുതിയ പദ്ധതി പ്രഖ്യാപനവും നടത്തി. നിലവിലുള്ള പദ്ധതികള്‍ കാലാനുസൃതമായി പുതുക്കിയും നൂതനമായ പുതിയ പദ്ധതി വിഭാവനം ചെയ്തും ഈ വര്‍ഷം നടപ്പാക്കും. ഉന്നത വിദ്യാഭ്യാസത്തിനു സഹായിക്കുന്ന വിദ്യാജ്യോതി,ഏവര്‍ക്കും തൊഴില്‍ എന്ന ആശയം സാക്ഷാല്‍ക്കരിക്കുന്ന തൊഴില്‍ മിഷന്‍, കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്ന ഹരിത സമൃദ്ധി,ആരോഗ്യ മിഷന്‍,ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള ജീവന്‍ കിരണ്‍, വനിതകള്‍ക്കായി മഹിള ദര്‍ശന്‍, നിര്‍ധന കിടപ്പ് രോഗികള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്ന ആര്‍ദ്രം, കായിക മേഖലയെ പ്രോല്‍സാഹിപ്പിക്കുന്ന സ്‌പോര്‍ട്‌സ് ട്രാക്ക്,ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്ന ജനപക്ഷം, ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിനായുള്ള നേരിന്റെ നേര്‍വഴി, കോതമംഗലത്തെ എല്ലാ വിവരങ്ങളും സേവനങ്ങള്‍ ഒരു ഫ്‌ളാറ്റ് ഫോമില്‍ ലഭ്യമാക്കുന്ന ഹൈടെക് കോതമംഗലം, കാര്‍ഷിക മേള, കാര്‍ഷിക വിപണന കേന്ദ്രം തുടങ്ങിയവയാണ് ഈ വര്‍ഷം നടപ്പാക്കുന്നത്.
വാര്‍ഷികാഘോഷം മുന്‍ സംസ്ഥാന പ്‌ളാനിക് ബോര്‍ഡ് അംഗം സി.പി.ജോണ്‍ ഉദ്ഘാടനം ചെയ്തു. സിനിമ താരം ധര്‍മജന്‍ ബോള്‍ഗാട്ടി മുഖ്യാഥിതിയായിരുന്നു. പുതിയ പദ്ധതികൾ ഡാമി പോൾ അവതരിപ്പിച്ചു. എന്റെനാട് ചെയര്‍മാന്‍ ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. പ്രഫ.കെ.എം.കുര്യാക്കോസ്,കെ.പി.കുര്യാക്കോസ്,ജോർജ് അമ്പാട്ട്,ജോർജ് കുര്യപ്പ്,സി.കെ.സത്യന്‍,പി.എ.പാദുഷ, എം.യു. ബേബി, ബിജി ഷിബു, സി.ജെ.എല്‍ദോസ്,ജോഷി പൊട്ടക്കല്‍ എന്നിവർ പ്രസംഗിച്ചു.