ന്യൂ ഡൽഹി : കേന്ദ്ര സർക്കാരിന്റെ എല്ലാ നയങ്ങളും സാധാരണക്കാർക്ക് എതിരാണെന്ന് ഡീൻ കുര്യാക്കോസ് എംപി പാർലമെന്റിൽ. ലോക്സഭയിൽ ഡിമാന്റ്സ് ഫോർ ഗ്രാന്റ്സ് ചർച്ചയിൽ പങ്കെടുത്ത് എംപി സംസാരിച്ചപ്പോൾ ഉന്നയിച്ച പ്രധാന വിഷയങ്ങൾ.
1)കേന്ദ്ര സർക്കാരിന്റെ മുഴുവൻ ശ്രമങ്ങളും, നയങ്ങളും സാധാരണക്കാർക്ക് എതിരെ മാത്രമാണ്. നിലവിലുള്ള ബഡ്ജറ്റ് പ്രഖ്യാപനങ്ങളെല്ലാം , മുൻ വാഗ്ദാനങ്ങൾ മറന്നുകൊണ്ടാണ്. 5 വർഷം കൊണ്ട് കർഷകർക്ക് ഇരട്ടി വരുമാനം വരുത്തുമെന്ന് പറഞ്ഞത് ഈ സർക്കാർ മറന്നിരിക്കുകയാണ്. കർഷകർക്ക് ആശ്വാസകരമായി യാതൊരു നടപടികളുമില്ല.
2) വാണിജ്യ ഉൽപ്പന്നങ്ങളായ റബ്ബർ, ഏലം, കുരുമുളക് എന്നിവയെ കാർഷിക ഉൽപ്പന്നങ്ങളായി പ്രഖ്യാപിക്കണം. എങ്കിൽ മാത്രമെ കർഷകർക്ക് അനുകൂലമായ പദ്ധതികൾ ഉൾപ്പെടുത്താൻ കഴിയുകയുള്ളൂ. മിനിമം സപ്പോർട്ട് പ്രൈസ് MSP പ്രഖ്യാപിക്കുവാൻ തക്കവണ്ണം CACP ലിസ്റ്റിൽ നാണ്യവിളകൾ ഉൾപ്പെടുത്തണം.
3) ഏലത്തിന് 1500 രൂപയും, റബ്ബറിന് 250 രൂപയും താങ്ങുവില പ്രഖ്യാപിക്കണം.
4)ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം. കാലിത്തീറ്റ വാങ്ങുന്നതിന് സബ്സിഡി അനുവദിക്കണം.
5) തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായ പണം അനുവദിക്കാത്തത് പ്രതിഷേധകരമാണ്. കേരളത്തിൽ നിന്നും വലിയ തുക വേതനത്തിന്റെ കാര്യത്തിൽ ഇപ്പോഴും കൊടുത്തു തീർക്കാൻ കഴിയാത്ത സാഹചര്യത്തിന് വ്യത്യാസമുണ്ടാകണം.
6)1997 ൽ പ്രഖ്യാപിച്ച അങ്കമാലി – ശബരി പദ്ധതി എല്ലാ തടസ്സങ്ങളും നീക്കി പദ്ധതി പുനസ്ഥാപിക്കാൻ തയ്യാറാകണം. പദ്ധതി പ്രദേശത്തെ ആളുകളുടെ ആവാസ വ്യവസ്ഥ തകർക്കുന്ന തരത്തിൽ പദ്ധതിക്കായി വകയിരുത്തിയതിനു ശേഷം, സ്ഥലമേറ്റെടുപ്പ് നടത്തുന്നില്ല. ഈ അവസ്ഥക്ക് വ്യത്യാസമുണ്ടാകണം.
7) 1994 മുതൽ തുടക്കം കുറിച്ച മുവാറ്റുപുഴ – കോതമംഗലം ബൈപ്പാസ് പദ്ധതി നടപ്പിലാക്കാൻ തയ്യാറാകണം. NHAI ആവശ്യപ്പെട്ടിരിക്കുന്നത് , പകുതി തുക സംസ്ഥാന സർക്കാർ വഹിക്കണം എന്നാണ്. എന്നാൽ സംസ്ഥാന സർക്കാർ യാതൊന്നും ചെയ്യുന്നില്ല. അതിനാൽ കേന്ദ്ര സർക്കാർ തന്നെ പദ്ധതി നടപ്പിലാക്കണം.
8 ) തോട്ടം തൊഴിലാളികൾക്കായി പ്രത്യേക പക്കേജ് പ്രഖ്യാപിക്കണം. ആസ്സാമിലും, ബംഗാളിലും പാക്കേജ് നടപ്പാക്കിയതു പോലെ ഇടുക്കിയിൽ തോട്ടം മേഖല വലിയ പ്രതിസന്ധിയിൽ നിൽക്കുമ്പോൾ കേരളത്തിലെ തോട്ടം തൊഴിലാളികളുടെ ദയനീയ സ്ഥിതി പരിഗണിച്ച് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം എന്നും ലോക്സഭയിൽ ആവശ്യപ്പെട്ടു.