കെ എ സൈനുദ്ധീൻ
കോതമംഗലം : മണ്ണിനെയും മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും ഒരേ പോലെ സ്നേഹിക്കുന്ന വ്യത്യസ്തനായ ഓട്ടോ റിക്ഷാ ഡ്രൈവറെ പലരും തിരിച്ചറിയുന്നില്ല. കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ കോതമംഗലം – മൂവാറ്റുപുഴ റൂട്ടിൽ പുതുപ്പാടിയിലെ ഓട്ടോ റിക്ഷാ സ്റ്റാന്റിലെ ഓട്ടോ റിക്ഷാ ഡ്രൈവറാണ് റ്റി വി ഏലിയാസ് . മറ്റുള്ളവരിൽ നിന്നും ഏലിയാസിനെ വ്യത്യസ്തനാക്കുന്നത് ചെരിപ്പു ധരിക്കാത്തയാൾ എന്നതാണ്. നഗ്ന പാദ നായി ജീവിതം തുടങ്ങിയിട്ട് വർഷങ്ങളായി. അപ്പായി എന്നു പറഞ്ഞാലേ നാട്ടുകാർക്ക് ഏലിയാസിനെ മനസിലാകൂ. ചെറുപ്പത്തിൽ കൂട്ടുകാർ അപ്പായിയെന്നു വിളിച്ചു തുടങ്ങിയ ഓമന പേരു പറഞ്ഞാലേ തച്ചളാമറ്റം എന്ന ഓട്ടോ റിക്ഷയുടെ ഡ്രൈവറായ ഏലിയാസിനെ നാട്ടുകാർ തിരിച്ചറിയൂ . കുട്ടിക്കാലത്ത് ചെരിപ്പു ധരിച്ചിരുന്നതായി അപ്പായി പറഞ്ഞു. തുടർന്ന് ചെരിപ്പു ഉപേക്ഷിക്കുകയായിരുന്നു. തന്റെ വിവാഹ നാളിൽ മാത്രം എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി ചെരിപ്പു ധരിച്ചു. 60 വയസുകാരനായ അപ്പായി ഏകദേശം 40 വർഷത്തോളമായി ചെരുപ്പു ഉപേക്ഷിച്ചിട്ട്.
ചെരിപ്പ്, വാച്ച്, മോതിരം തുടങ്ങിയവയൊന്നും അപ്പായി ധരിക്കാറില്ല. ചുട്ടുപൊള്ളുന്ന വെയിലിൽ തിളച്ചു നിൽക്കുന്ന ടാർ റോഡിൽ നഗ്ന പാദനായി അപ്പായി നടന്നു നീങ്ങും. തണുപ്പും ചൂടും അപ്പായിയുടെ കാലുകളിൽ ഏൽക്കുന്നതിൽ ഒരു ബുദ്ധിമുട്ടും തോന്നിച്ചിട്ടില്ല. പുലർച്ചെ 5 മണിയോടെ കുറെദൂരം നഗ്ന പാദനായി നടക്കുക പതിവാക്കിയിട്ടുണ്ട്. കാര്യമായ അസുഖങ്ങൾ ഒന്നും 60 കാരനായ അപ്പായിക്കില്ല. ചെരിപ്പ് ഇടാതെ നടക്കുന്നതു കൊണ്ടുള്ള ശാസ്ത്രീയ ഗുണ വശങ്ങളെപ്പറ്റി ചിന്തിച്ചിട്ടില്ലെന്നും എന്നാൽ മണ്ണിൽ പതിവായി
കാൽ അമർത്തി നടക്കുബോൾ ശരീരത്തിനു ലഭിക്കുന്ന ആ ഒരു ഊർജത്തിന്റെ “എന്തോ ഒരിത് ” തനിക്കനുഭവപ്പെടുന്നുണ്ടെന്നും അപ്പായി പറഞ്ഞു. തന്റെ വീട്ടുപേരായ തച്ചിളാമറ്റം എന്ന പേരിട്ടിരിക്കുന്ന
തച്ചിളാമറ്റം എന്ന ഓട്ടോ റിക്ഷയിൽ യാത്ര ചെയ്യുന്നവരിൽ അപൂർവം ചിലർ മാത്രമാണ് കാലിൽ ചെരിപ്പിടാത്തത് ശ്രദ്ധിക്കാറുള്ളുവെന്നും കാരണം ചോദിക്കാറുള്ളുവെന്നും അപ്പായി പറഞ്ഞു. ഇങ്ങനെ ഒരു ശീലമായി അങ്ങനെ തുടരുന്നുവെന്ന മറുപടി മാത്രമാണ് അപ്പായി നൽകാറുള്ളൂ. നടക്കുബോൾ ശരീരത്തിനാകെ ബലം നൽകാൻ സഹായിക്കുന്ന പേശികളുടെ സ്വതന്ത്രമായ ചലനത്തിന് ചെരുപ്പിടാത്ത കാലുകൾക്ക് കഴിയുമെന്ന് പ്രകൃതി സ്നേഹികളുടെ പരാമർശം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അതൊന്നും എനിക്കറിയില്ലെന്നും എനിക്കു ലഭിക്കുന്ന അനുഭവം പറയാനറിയില്ലെന്നു മാണ് അപ്പായിയുടെ മറുപടി. മണ്ണിനെയും ജീവജാലങ്ങളെയും സ്നേഹിക്കുക, പ്രകൃതിയോട് ചേർന്നു നിൽക്കാൻ ശ്രദ്ധിക്കുകയെന്നത് ഓരോരുത്തരും കടമയായി കരുതണമെന്നാണ് അപ്പായിയുടെ അഭ്യർത്ഥന.