കോതമംഗലം : മരം മുറിക്കുന്നതിനിടയിൽ ദേഹത്ത് മരകമ്പ് വീണ് ഊന്നുകൽ സ്വദേശിക്ക് ദാരുണാന്ത്യം. ഇന്ന് ചൊവ്വെ രാവിലെ പത്തരമണിയോടെയാണ് സംഭവം നടന്നത്. പ്ലാവിൻ മരം, മരവ്യാപാരി കൂടിയായ ഊന്നുകൽ കാരോത്ത് ഷാജൻ കെ ഐപ്പും(56), രണ്ട് സഹ തൊഴിലാളികളും ചേർന്ന് മുറിക്കുന്നതിനിടയിലാണ് അപകടം. ഷാജൻ വാള് വച്ച് മരം മുറിച്ചു കൊണ്ടിരിക്കെ മുകളിൽ ഉണങ്ങിനിന്ന കമ്പ് നേരെ താഴെ നിന്ന ഷാജൻ്റെ ദേഹത്ത് വീഴുകയായിരുന്നു.
ഗുരുതര പരിക്ക് പറ്റിയ ഷാജനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഊന്നുകൽ പോലീസിൻ്റെ മേൽ നടപടികൾക്ക് ശേഷം കോതമംഗലം താലൂക്കാശുപത്രിയിൽ പോസ്റ്റ് മോർട്ടംനടത്തി മൃദദ്ദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. സംസ്കാരം നാളെ ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം തലക്കോട് ബത് ലഹേം സെന്റ് മേരിസ് യാക്കോബായ പള്ളിയിൽ.