ചെറുവട്ടൂർ: കോതമംഗലം ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ മത്സരത്തിൽ ഗവൺമെന്റ് എൽ.പി. സ്കൂൾ ചെറുവട്ടൂരിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി അർച്ചന ടി. സി. വിജയിയായി. അർച്ചന രൂപകൽപ്പന ചെയ്ത ലോഗോയാണ് ഇത്തവണത്തെ കോതമംഗലം ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഔദ്യോഗിക ലോഗോയായി തിരഞ്ഞെടുക്കപ്പെട്ടത്.
ഷിബു തെക്കുംപുറം എംഎൽഎയുടെ ലോഗോ പ്രകാശനം നടത്തി.
ചെറുപ്രായത്തിൽ തന്നെ തന്റെ സർഗാത്മക കഴിവ് തെളിയിച്ച അർച്ചനയുടെ നേട്ടം സ്കൂളിനും അധ്യാപകർക്കും സഹപാഠികൾക്കും ഒരുപോലെ അഭിമാനമായി. ഉപജില്ലാ കലോത്സവത്തിന്റെ ഔദ്യോഗിക ലോഗോ രൂപകൽപ്പന ചെയ്യാനുള്ള മത്സരത്തിൽ വിജയം കൈവരിച്ചതിലൂടെ സ്കൂളിന്റെ യശസ്സിന് മറ്റൊരു പൊൻതൂവൽ കൂടി ചാർത്തപ്പെട്ടിരിക്കുകയാണ്. ഉപജില്ലാ കായികമേളയിലും പ്രവർത്തിപരിചയമേളയിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ഗവൺമെന്റ് എൽ.പി. സ്കൂൾ ചെറുവട്ടൂരിന് ഈ വിജയം ഇരട്ടി മധുരമായി.
വിവിധ മേഖലകളിൽ തുടർച്ചയായി മികവ് തെളിയിക്കുന്ന സ്കൂളിന്റെ നേട്ടങ്ങളുടെ പട്ടികയിലേക്ക് അർച്ചനയുടെ ഈ വിജയവും ഇടംപിടിച്ചിരിക്കുകയാണ്. അർച്ചനയുടെ നേട്ടത്തിൽ സ്കൂൾ അധികൃതരും അധ്യാപകരും രക്ഷിതാക്കളും സഹപാഠികളും സന്തോഷം പങ്കുവെച്ചു.

















































