കോതമംഗലം: കോതമംഗലത്ത് വീട്ടമ്മ വീടിനുള്ളിൽ ഭർത്താവിൻ്റെ കുത്തേറ്റ് മരിച്ചു. ഭർത്താവിനെ കോടതി റിമാൻ്റ് ചെയ്തു . കുത്തുകുഴി മാരമംഗലം ഹാപ്പി നഗർ പുല്ലാന്തിക്കാടൻ പി.വി കുര്യാക്കോസിൻ്റ ഭാര്യ കുഞ്ഞമ്മ (61) യാണ് ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെ വീടിനുള്ളിൽ കൊല്ലപ്പെട്ടത്. ഭർത്താവ് കുര്യാക്കോസ് (66) കൊലപാതക ശേഷം വിദേശത്തുള്ള മകനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
താൻ ജീവനൊടുക്കുകയാണെന്ന സൂചനയും നൽകിയിരുന്നു. മകൻ അയൽവാസികളെ വിളിച്ച് അറിയിച്ചതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്. പോലീസ് എത്തുമ്പോൾ വീട്ടിലുണ്ടായിരുന്ന കുര്യാക്കോസിനെ കസ്‌റ്റഡിയിലെടുത്തു സ്‌റ്റേഷനിലേക്ക് മാറ്റി. വീടിനുള്ളിൽ അടുക്കളഭാഗത്താണു കുഞ്ഞമ്മയുടെ മൃതദേഹം കിടന്നത്. കിടപ്പ്മുറിയിൽ വച്ചു കൊലപ്പെടുത്തിയശേഷം അടുക്കള ഭാഗത്തേക്ക് മൃതദേഹം നീക്കിയിടുകയായിരുന്നു.
കുഞ്ഞമ്മയുടെ ശരീരത്തിൽ ഒട്ടേറെ കുത്തുകളേറ്റ് ആഴത്തിൽ മുറിവുകളുണ്ട്. ഉപയോഗിച്ച സ്‌റ്റീൽ കത്തി വീടിനുള്ളിൽ നിന്നു കണ്ടെടുത്തു. ഇരുവരും തമ്മിൽ മൽപ്പിടിത്തം നടന്നതായും സൂചനകളുണ്ട്.
ചോദ്യം ചെയ്തെങ്കിലും കൊലപാതകത്തിനുള്ള കാരണം വെളിപ്പെടുത്തിയില്ലെന്നു പൊലീസ് പറഞ്ഞു. ഹൃദയസംബന്ധമായ അസുഖത്തിന് ഒരു മാസം മുൻപ് കുര്യാക്കോസിന് ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്നു ഡോക്‌ടർമാരുടെ നിർദേശപ്രകാരം കർശന നിയന്ത്രണത്തിൽ വീട്ടിൽ കഴിയുകയായിരുന്നു.
ഇതേതുടർന്നുണ്ടായ മാനസിക സമ്മർദവും കുടുംബ പ്രശ്‌നങ്ങളും കൊലപാകതത്തിന് ഇടയാക്കിയെന്നാണു പൊലീസിൻ്റ പ്രഥമിക നിഗമനം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണത്തിനു ശേഷം ആവശ്യമെങ്കിൽ കസ്‌റ്റഡിയിൽ വാങ്ങും. കുഞ്ഞമ്മയുടെ മൃതദേഹം മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം വ്യാഴാഴ്ച 11.30നു കോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ. നാഗഞ്ചേരി പാലിയക്കുടം കുടുംബാംഗമാണ്. മക്കൾ: ബേസിൽ (ഓസ്ട്രേലിയ), മെറിൻ (അയർലൻഡ്). മരുമക്കൾ: ദീപ്‌തി (ഓസ്ട്രേലിയ), ജീവൻ.


















































