Connect with us

Hi, what are you looking for?

CHUTTUVATTOM

വന്യമൃഗശല്യം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളില്‍ ഫെന്‍സിംഗ് നിര്‍മ്മാണം വേഗത്തിലാക്കും

കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിനായി വനാതിര്‍ത്തികളിലെ ഫെന്‍സിംഗ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് ജില്ലാ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് വിവിധ ഘട്ടങ്ങളിലായി നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ക്ക് തീരുമാനമായത്. നിലവില്‍ ഫെന്‍സിംഗ് നിര്‍മ്മാണം ആരംഭിച്ച വാവേലി പ്രദേശത്തെ ആറു കിലോമീറ്റര്‍ ഭാഗത്തെ നിര്‍മാണം കരാറുകാരന്‍ പണി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് നിലച്ചിരിക്കുകയാണ്. ഈ പ്രവൃത്തി പുനരാരംഭിക്കാന്‍ യോഗം തീരുമാനിച്ചു. വനംവകുപ്പിന്റെയും ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സിന്റെയും മേല്‍നോട്ടത്തില്‍ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി പുതിയ കരാറുകാരനെ നിയോഗിച്ച് മൂന്ന് മാസത്തിനകം ആറു കിലോമീറ്റര്‍ ഫെന്‍സിംഗ് പൂര്‍ത്തിയാക്കും.

തുടര്‍ന്ന് 7 കിലോമീറ്റര്‍ ഭാഗത്തെ ഫെന്‍സിംഗ് നിര്‍മ്മാണം കൂടി വേഗത്തില്‍ ആരംഭിക്കും. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ചുമതല കേരള പോലീസ് ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് (കെ.പി.എച്ച്.സി.സി) നല്‍കാന്‍ തീരുമാനിച്ചു. ആവശ്യമായ വനംവകുപ്പ് അനുമതികളും ക്ലിയറന്‍സുകളും ഉടന്‍ പൂര്‍ത്തിയാക്കി നാല് മാസത്തിനകം ഈ ഭാഗത്തെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ശേഷിക്കുന്ന 10 കിലോമീറ്റര്‍ ഭാഗത്തെ ഫെന്‍സിംഗ് പ്രവൃത്തികള്‍ക്കും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

വന്യമൃഗങ്ങളുടെ സാന്നിധ്യം നേരത്തെ തിരിച്ചറിയുന്നതിനും ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങള്‍ എത്തുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനുമായി കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളെ ബന്ധിപ്പിച്ച് എ.ഐ ക്യാമറകള്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി. ഏകദേശം 20 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 10 ലക്ഷം രൂപ വനംവകുപ്പും 10 ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍നിന്നും വിനിയോഗിക്കും. ഫെന്‍സിംഗ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനൊപ്പം എ.ഐ ക്യാമറകള്‍ സ്ഥാപിക്കുന്നതോടെ വന്യമൃഗശല്യം നേരിടുന്നതിനുള്ള നിരീക്ഷണവും മുന്നറിയിപ്പ് സംവിധാനവും കൂടുതല്‍ ശക്തമാക്കാനാകുമെന്നാണ് പ്രതീക്ഷ.

ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, ഷിബു തെക്കുംപുറം എംഎല്‍എ, ആര്‍ഡിഒ മനോജ്, മലയാറ്റൂര്‍ ഡിഎഫ്ഒ ജി. കാര്‍ത്തിക്, കേരള പോലീസ് ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.പി.എച്ച്.സി.സി) പ്രോജക്ട് മാനേജര്‍ ഒ.ബി. മധു എന്നിവര്‍ പങ്കെടുത്തു.

You May Also Like

error: Content is protected !!