കോതമംഗലം: കോതമംഗലം മൺസൂൺ ഫെസ്റ്റിവലിന്റെ ഭാഗമായി തട്ടേക്കാട് മിനി സ്വിറ്റ്സർലാൻ്റിൽ സംഘടിപ്പിച്ച ഷൂട്ട് ദ റെയിൻ പെനാൽറ്റി ഷൂട്ട് മത്സരത്തിൽ ഉരുളൻതണ്ണി ഫ്രണ്ട്സ് ക്ലബ്ബിന് കിരീടം.മഴയും കായിക ആവേശവും ഇഴചേർന്ന മത്സരത്തിൽ 16 ടീമുകൾ മാറ്റുരച്ചപ്പോൾ കാണികൾക്ക് അവസാന നിമിഷം വരെ ഉദ്വേഗം സമ്മാനിച്ച പോരാട്ടമാണ് അരങ്ങേറിയത്.
കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. തുടക്കം മുതൽ തന്നെ ശക്തമായ മത്സരമാണ് നടന്നത്. ഫൈനലിലെത്തിയ ഫ്രണ്ട്സ് ക്ലബ് ഉരുളൻതണ്ണിയും ജോഗോ ബോണിറ്റോ കമ്പനിപ്പടിയും തമ്മിലുള്ള പോരാട്ടം മത്സരത്തിന്റെ ഹൈലൈറ്റായി.
അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന് ഫൈനലിൽ ഇരുടീമുകളും സമനിലയിലെത്തിയതോടെ മത്സരം അത്യന്തം ആവേശകരമായി. തുടർന്ന് നടന്ന നിർണായക ഷോട്ടുകളിൽ ഫ്രണ്ട്സ് ക്ലബ് ഉരുളൻതണ്ണിയുടെ ഗോൾകീപ്പർ നടത്തിയ തകർപ്പൻ സേവ് ടീമിന് കിരീടം സമ്മാനിച്ചു. ഫ്രണ്ട്സ് ക്ലബ് ഉരുളൻതണ്ണി ഒന്നാം സമ്മാനവും, ജോഗോ ബോണിറ്റോ കമ്പനിപ്പടി രണ്ടാം സമ്മാനവും, കബനി യുവ പിണവൂർകുടി മൂന്നാം സമ്മാനവും നേടി.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം ₹3000, ₹2000, ₹1000 എന്നിങ്ങനെ ബോസ്കേജ് ഹോംസ്റ്റേ സ്പോൺസർ ചെയ്ത സമ്മാനതുകയും വിതരണം ചെയ്തു.കുട്ടമ്പുഴ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ കാന്തി വെള്ളക്കയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ചിഞ്ചു ബിബി, വാർഡ് മെമ്പർമാരായ ബിന്ദു രാജേന്ദ്രൻ, എബിമോൻ മാത്യു, സിബി ജെയിംസ്, കീരംപാറ പഞ്ചായത്ത് അംഗം മാമച്ചൻ ജോസഫ്, മുൻ ദേശീയ ഫുട്ബോൾ താരവും പരിശീലകനുമായ പി. ഐ. ബാബു എന്നിവർ പങ്കെടുത്തു.
















































