കോതമംഗലം: വിധി തളര്‍ത്തിയ ജീവിതത്തിന് ഇനി സ്വയംതൊഴിലിന്റെ കരുത്ത്. വാഹനാപകടത്തില്‍ പരിക്കേറ്റ് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട വാരപ്പെട്ടി സ്വദേശി കെ.സി. മത്തായിക്ക് ഇനി സ്വന്തം ഓട്ടോറിക്ഷയില്‍ ഉപജീവനമാര്‍ഗം കണ്ടെത്താം. പീസ് വാലി ഫൗണ്ടേഷന്‍ മത്തായിക്കായി സംഭാവനചെയ്ത ഓട്ടോറിക്ഷയുടെ താക്കോല്‍ദാനം അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വിനോദ് രാജ് നിര്‍വഹിച്ചു. പതിനാല് വര്‍ഷം മുന്‍പുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മത്തായിയുടെ ജീവിതം വീല്‍ ചെയറില്‍ ഒതുങ്ങിപ്പോയിരുന്നു.
ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനമാര്‍ഗം കണ്ടെത്താനുള്ള മത്തായിയുടെ ആഗ്രഹം പീസ്വാലി ഉപാധ്യക്ഷന്‍ രാജീവ് പള്ളുരുത്തിയാണ് സുമനുസുകളുടെ സഹായത്തോടെ സാക്ഷാത്കരിച്ചത്.വീല്‍ചെയറില്‍ നിന്ന് പരസഹായമില്ലാതെ കയറാന്‍ കഴിയുന്ന രീതിയില്‍ പുഷ് ബാക്ക് സീറ്റ്, അധിക ഫുട്ട് റെസ്റ്റുകള്‍, ഹാന്‍ഡിലുകള്‍ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ബ്രേക്ക് എന്നിങ്ങനെ വാഹനത്തിന്റെ ഓപ്പറേഷന്‍ സിസ്റ്റത്തില്‍ മാറ്റങ്ങള്‍ വരുത്തിയ ഡീസല്‍ ഓട്ടോറിക്ഷയാണ് പീസ് വാലി ഫൗണ്ടേഷന്‍ നല്‍കിയത്.
പീസ്വാലി അധ്യക്ഷന്‍ പി.എം. അബൂബക്കര്‍, രാജീവ് പള്ളുരുത്തി, ഫാറൂഖ് കരുമക്കാട്ട്, പി.എം. അഷ്റഫ് എന്നിവര്‍ പങ്കെടുത്തു.























































