കോതമംഗലം : സംസ്ഥാന സ്കൂൾ കായിക മേളയിലുണ്ടായ പോയിന്റ് അട്ടിമറിയും,കുട്ടികൾക്ക് നേരെയുണ്ടായ പോലീസ് മർദ്ദനവും അങ്ങേയറ്റം പ്രതിഷേധകരമാണെന്ന് ഡീൻ കുര്യാക്കോസ് എംപി. 43 പോയിന്റുമായി മൂന്നാം സ്ഥാനം നേടിയ കോതമംഗലം മാർ ബേസിൽ സ്കൂളിനെ അട്ടിമറിച്ചുകൊണ്ട് പോയിന്റ് പട്ടികയിൽ ഇല്ലാതിരുന്ന ജി.വി രാജ സ്പോർട്സ് സ്കൂളിനെ രണ്ടാം സ്ഥാനത്തേക്ക് തിരുകിക്കയറ്റിയതിനാൽ മാർ ബേസിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണുണ്ടായത്.
ഇത്രയും വർഷങ്ങളായി ഇല്ലാതിരുന്ന ഒളിമ്പിക്സ് മോഡൽ കായിക മേള എന്ന പ്രഖ്യാപനം പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. പക്ഷേ സർക്കാർ ഗ്രാൻഡ് കൈപ്പറ്റി പരിശീലനം നടത്തുന്ന സ്പോർട്സ് ഡിവിഷനിലെ കുട്ടികളെ ജനറൽ സ്കൂളുകളുടെ ഗണത്തിൽ മുന്നറിയിപ്പില്ലാതെ അവാർഡ് വിതരണ ചടങ്ങിൽ വച്ചുമാത്രം ഉൾപ്പെടുത്തിയത് ശരിയായ നടപടിയല്ല.
ഇത് സംബന്ധിച്ച സർക്കുലർ പോലും നൽകിയിട്ടില്ല എന്നത് മാത്രമല്ല മന്ത്രിയോട് പരാതി പറയാനെത്തിയ കായിക അധ്യാപകരെ പരിശോധിക്കാം എന്ന് പറഞ്ഞുകൊണ്ട് വേദിയുടെ സമീപത്തേക്ക് മാറ്റി നിർത്തുകയും ചടങ്ങിന് ശേഷം അധ്യാപകരെ തിരിഞ്ഞു നോക്കാതെ മറ്റൊരു വഴിയിലൂടെ മന്ത്രി കടന്നുകളയുകയും ചെയ്തു.
ഇതിനെതിരെ പ്രതിഷേധിച്ച 15,16 വയസ്സുമാത്രം പ്രായമുള്ള പെൺകുട്ടികളെയും ആൺകുട്ടികളെയും പോലീസ് മർദിക്കുകയും ചെയ്തു എന്നത് ഞെട്ടലുളവാക്കുന്നതാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇന്നത്തെ കുട്ടികൾ നാളെയുടെ താരങ്ങളാണ് എന്ന് മന്ത്രിയും,വിദ്യാഭ്യാസ വകുപ്പും,പോലീസും മറക്കരുത്. കുട്ടികളെ മർദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും,പോയിന്റ് പട്ടികയിലെ ആശയക്കുഴപ്പങ്ങൾ അടിയന്തിരമായി പരിഹരിക്കുകയും ചെയ്യണമെന്നും എംപി പറഞ്ഞു.