കോതമംഗലം :- കോതമംഗലത്തിന് സമീപം ചെമ്മീൻകുത്തിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ജലപ്രവാഹം തുടങ്ങിയിട്ട് ഒരു മാസമായിട്ടും വാട്ടർ അതോറിറ്റി അനാസ്ഥ തുടരുന്നു. ചേലാട്- മാലിപ്പാറ റോഡിൽ ചെമ്മീൻകുത്ത് കവലയിലാണ് വാട്ടർ അതോറിറ്റിയുടെ ജല വിതരണ പൈപ്പ് പൊട്ടി വൻതോതിൽ വെള്ളം പാഴാകുന്നത്. മാലിപ്പാറയിലെ വാട്ടർ ടാങ്കിൽ നിന്ന് വരുന്ന വെള്ളമാണ് ചെമ്മീൻകുത്ത് കവലയിൽ പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ പാഴാകുന്നത്.
ഒരു മാസത്തിനിടയിൽ പല പ്രാവശ്യം വാട്ടർ അതോറിറ്റിയിൽ പരാതി നൽകിയിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വിദ്യാർത്ഥികളടക്കം നൂറുകണക്കിന് കാൽനടക്കാരും വാഹനങ്ങളുമാണ് ഇതുവഴി കടന്നു പോകുന്നത്.
റോഡിലേക്ക് ചീറ്റിയൊഴുകുന്ന വെള്ളം ചാക്കിട്ട് മൂടിയാണ് താത്കാലിക പരിഹാരം കാണുന്നത്. പ്രദേശവാസിയായ റെജി പ്രതിഷേധ സൂചകമായി കുളി ഇവിടെയാക്കിയിരിക്കുകയാണ്. വാട്ടർ അതോറിറ്റിയുടെ കെടുകാര്യസ്ഥത തുടർന്നാൽ നാട്ടുകാർ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രദേശവാസിയായ സണ്ണി വേളൂക്കര പറഞ്ഞു.