കോതമംഗലം: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരുക്കേൽക്കുന്നവർക്ക് സർക്കാർ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. യുഡിഎഫ് കർഷക സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക രക്ഷായാത്ര നേര്യമംഗലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യജീവി ആക്രമണത്തിനുള്ള നഷ്ടപരിഹാരം കൃതമായി വിതരണം ചെയ്തിട്ട് 4 വർഷം പിന്നിടുന്നു. വനം വകുപ്പിന്റെ കണക്കുകൾ പ്രകാരം 10 കോടി രൂപ ഈ ഇനത്തിൽ കർഷകർക്ക് നൽകാനുണ്ട്.
കൃഷിനാശത്തിന്റെ പേരിലുള്ള അർഹമായ അപേക്ഷകളും വനം വകുപ്പ് നിരസിക്കുകയാണ്.
2020–21 ൽ വന്യജീവി ആക്രമണത്തിൽ കൃഷിനാശമുണ്ടായതിന്റെ 7021 അപേക്ഷകൾ നൽകിയപ്പോൾ 3153 എണ്ണം മാത്രമാണ് വനം വകുപ്പ് അംഗീകരിച്ചത്.
വന്യജീവി ആക്രമണം നേരിട്ടവർക്ക് 24 മണിക്കൂറിനകം സഹായം (എക്സ്ഗ്രേഷ്യ) നൽകണമെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഫെബ്രുവരി 6 ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെങ്കിലും കേരളത്തിൽ ഇതു നടപ്പാക്കിയിട്ടില്ലെന്നും ഷിബു തെക്കുംപുറം കുറ്റപ്പെടുത്തി.
ഉദ്ഘാടന യോഗത്തിൽ കോ-ഓഡിനേറ്റർ പി.സി.ജോർജ് അധ്യക്ഷത വഹിച്ചു.
ജാഥ ക്യാപ്റ്റൻ ജെയിംസ് കോറമ്പേൽ, ബിജു വെട്ടിക്കുഴ, നിസാമോൾ ഇസ്മായിൽ, എൻ. ആർ. രാജശേഖരൻ,എ.ടി.പൗലോസ്, ജയ്മോൻ ജോസ്, ജോബി ജേക്കബ്, കരിം നേര്യമംഗലം, റാണിക്കുട്ടി ജോസ്, സജി തെക്കേക്കര, എ.ആർ.പൗലോസ്, ജോർജ് ഏളാമറ്റം, കെ.ഇ.കാസിം, കെ.കെ.ഹുസൈൻ, എം.സി.തങ്കപ്പൻ, എൻ.എഫ്.തോമസ്, ബെന്നി പോൾ എന്നിവർ പ്രസംഗിച്ചു.
ഇന്നു രാവിലെ 9ന് നീണ്ടപാറയിൽ നിന്നാരംഭിക്കുന്ന യാത്ര 5.30ന് കുട്ടമ്പുഴയിൽ സമാപിക്കും. സമ്മേളനം റോയി കെ.പൗലോസ് ഉദ്ഘാടനം ചെയ്യും.
നാളെ 8ന് വടാട്ടുപാറയിൽ നിന്ന് തുടങ്ങി വൈകിട്ട് 5ന് കോട്ടപ്പടി ചേറങ്ങനാൽ കവലയിൽ സമാപിക്കും. സമാപന സമ്മേളനം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന കർഷക രക്ഷായാത്ര യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്യുന്നു. പി.സി.ജോർജ്, എ.ടി.പൗലോസ്, എം.ആർ. രാജശേഖരൻ, ജാഥ ക്യാപ്റ്റൻ ജെയിംസ് കോറമ്പേൽ എന്നിവർ സമീപം.