കോതമംഗലം: വന്യജീവികളോടു കാണിക്കുന്ന കരുതൽ പോലും സർക്കാർ കർഷകരോട് കാണിക്കുന്നില്ലെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. ജില്ലയുടെ വനാതിർത്തി ഗ്രാമങ്ങളെ വന്യമൃഗങ്ങളിൽ നിന്നു സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കർഷക ഐക്യമുന്നണിയുടെ നേതൃത്വത്തിലുള്ള സമര പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്കിലെ കുട്ടമ്പുഴ, കീരമ്പാറ, പിണ്ടിമന, നേര്യമംഗലം, കോട്ടപ്പടി മേഖലയിൽ കാട്ടാന, കാട്ടുപന്നി, മലയണ്ണാൻ, കുരങ്ങ് തുടങ്ങിയവ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. ജനങ്ങളുടെ ജീവനുപോലും വന്യമൃഗങ്ങൾ ഭീഷണിയായ സാഹചര്യത്തിലാണ് പ്രക്ഷോഭം നടത്താൻ തീരുമാനിച്ചതെന്ന് നേതാക്കൾ പറഞ്ഞു.
കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുക, വൈദ്യുതി വേലി അറ്റക്കുറ്റ പണി നടത്തി സംരക്ഷിക്കുക, ഭൂമി ശാസ്ത്രപരമായ പ്രത്യേക പരിഗണിച്ച് റെയിൽ ഫെൻസിങ്, ആനമതിൽ, കിടങ്ങ് എന്നിവ നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സംസ്ഥാനം കേന്ദ്രത്തിലേക്ക് അയച്ച ഹോട്ട് സ്പോട്ട് ലിസ്റ്റിൽ പിണ്ടിമന വില്ലേജ് ഉൾപ്പെടുത്തിയിട്ടില്ല. വില്ലേജിലെ വേട്ടാംമ്പാറ, വെറ്റിലപ്പാറ എന്നിവടങ്ങളിൽ കാട്ടാനയുടെയും കാട്ടുപോത്തിൻ്റെയും ശല്യം രൂക്ഷമാണ്. വനം വകുപ്പ് വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയാണ് ഹോട്ട് സ്പോട്ടുകൾ നിശ്ചയിച്ചതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
പ്രശ്ന ബാധ്യത പ്രദേശത്ത് കർഷക രക്ഷായാത്രയും തുടർന്ന് കലക്ട്രേറ്റ് ധർണ്ണ നടത്താനും കൺവൻഷൻ തീരുമാനിച്ചു. കൺവൻഷനിൽ കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ജയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.സി. ജോർജ്, എ.ടി.പൗലോസ്, സി.ജെ. എൽദോസ്, ജോർജ് ഏളാമറ്റം,സി.കെ.സത്യൻ, കെ.കെ.ഹുസൈൻ, കെ.എ.സിബി, ബിജു വെട്ടിക്കുഴ, ടി.കെ.കുഞ്ഞുമോൻ, എൻ.എഫ്.തോമസ്, പി.എ.ജോയി, പി.വി.കരുണാകരൻ,ഡി.കോര,ജോണി പുളിന്തടം എന്നിവർ പ്രസംഗിച്ചു.