കോതമംഗലം : പുതുവർഷത്തിൽ കോതമംഗലം കണികണ്ടുണർന്നത് ചെറിയ പള്ളി താഴത്തെ വാഹന അപകടം ആയിരുന്നു. മൂന്നാർ സന്ദർശനം കഴിഞ്ഞു മുവാറ്റുപുഴക്ക് പോകുകയായിരുന്ന കാർ റോഡിലേക്ക് കയറി നിന്നിരുന്ന പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. വാഹനത്തിൽ സഞ്ചിരിച്ചിരുന്നവർക്ക് പരുക്ക് പറ്റുകയും, വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.
വൈദ്യുതി കാൽ തകർന്നതിനെ തുടർന്ന് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുകയും വൈദ്യുതി വകുപ്പ് ജീവനക്കാർ എത്തി തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തതോടുകൂടിയാണ് വിവാദം ആരംഭിക്കുന്നത്. തകർന്ന പോസ്റ്റ് നിന്നിരുന്ന ഭാഗത്തിന്റെ സമീപത്തു തന്നെ കുഴികുത്തി പുതിയ പോസ്റ്റ് ഇടുവാൻ തുടങ്ങിയതോടുകൂടി പരിസരവാസികൾ ഇടപെടുകയും, പുതിയ പോസ്റ്റ് പുറകിലേക്ക് ഇറക്കി ഇടണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് വാർഡ് കൗൺസിലർ സ്ഥലത്തെത്തുകയും പോസ്റ്റ് പുറകിലേക്ക് മാറ്റിയിടാനുള്ള അനുമതി നഗരസഭയെക്കൊണ്ട് എടുപ്പിക്കുകയും, എസ്റ്റിമേറ്റ് എടുക്കുവാനുള്ള നടപടികൾ വൈദ്യുതി വകുപ്പ് കൈക്കൊള്ളുകയും ചെയ്യുകയായിരുന്നു. തുടർന്ന് പോസ്റ്റ് പുറകോട്ട് മാറ്റി സ്ഥാപിക്കുകയായിരുന്നു.
റോഡ് വീതികൂട്ടി ടാർ ചെയ്തപ്പോൾ നഗരസഭ വൈദ്യുതി വകുപ്പിനെ കൊണ്ട് ചെയ്യേണ്ടിയിരുന്നതും, പൊതുപ്രവർത്തകർ ചെയ്യിക്കേണ്ടിയിരുന്നതുമായ കാര്യം പുതുവർഷത്തിൽ ഒരു വാഹന അപകടം വേണ്ടിവന്നു പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ എന്ന് നാട്ടുകാർ അടക്കം പറയുന്നു.