പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. വീട്ടില്‍ കവര്‍ച്ചയ്ക്കെത്തിയ മോഷ്ടാവാണ് ലൈംഗികാതിക്രമം നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ഏഴോടെയാണ് അക്രമം. യുവതിയും ഭര്‍ത്താവും പുറത്ത് പോയ സമയത്താണ് വീട്ടില്‍ മോഷ്ടാവ് എത്തിയത്. ഏഴോടെ യുവതി തിരിച്ചെത്തിയപ്പോഴാണ് മോഷണശ്രമം നടന്നതായി അറിഞ്ഞത്.
വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നതും അലമാര കുത്തി തുറക്കാന്‍ ശ്രമിച്ചതും കണ്ടതോടെ യുവതി സാധനങ്ങള്‍ അടുക്കിവയ്ക്കാന്‍ ശ്രമിച്ചു. ഇതിനിടെ വീടിന്റെ പരിസരത്ത് ഒളിച്ചിരുന്ന പ്രതി പൂര്‍ണ നഗ്നനായി അകത്തു കടക്കുകയും വാതില്‍ കുറ്റിയിട്ട ശേഷം യുവതിയുടെ വായ പൊത്തിപ്പിടിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് യുവതി പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയത്. പെരുമ്പാവൂര്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.


















































