കോതമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി.
ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് മേൽ അന്യായമായി ഏർപ്പെടുത്തിയ അഞ്ച് ശതമാനം ജിഎസ്ടി പിൻവലിക്കുക, പേപ്പർ ക്യാരിബാഗിന്റെ 18% ജിഎസ്ടി പിൻവലിക്കുക, വിലക്കയറ്റം രൂക്ഷമാക്കുന്ന ജി എസ് ടി കൗൺസിലിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ധർമ്മസമരം സംഘടിപ്പിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ മുഴുവൻ ഏരിയ കേന്ദ്രങ്ങളിലും ഇന്ന് സമരം നടത്തുന്നുണ്ട്. സിപിഐഎം കോതമംഗലം ഏരിയ സെക്രട്ടറി ശ്രീ കെ എ ജോയ് സമരം ഉദ്ഘാടനം നിർവഹിച്ചു . വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡൻറ് എം യു അഷ്റഫ് അധ്യക്ഷത വഹിച്ച സമരം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എം പരീത് , പി എച്ച് ഷിയാസ് , ഏരിയ വൈസ് പ്രസിഡന്റ് ജോഷി അറക്കൽ തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ എ നൗഷാദ് സ്വാഗതവും ഏരിയ ട്രഷറർ കുര്യാക്കോസ് കെ എ നന്ദിയും അർപ്പിച്ചു.
