കോതമംഗലം : മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റില്‍. തൃക്കാരിയൂര്‍ എരമല്ലൂര്‍ വലിയാലിങ്കല്‍ വീട്ടില്‍ അനസ് (അന്‍സാര്‍ 53) നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. ചൂണ്ടി ഭാഗത്തുള്ള മണിലൈന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണ്ണ നിറത്തിലുള്ള കൈചെയിന്‍ പണയപ്പെടുത്തി അമ്പതിനായിരം രൂപ ആദ്യം തട്ടിയെടുത്തു. വീണ്ടും സ്വര്‍ണ്ണ നിറത്തിലുള്ള മാല പണയപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് പ്രതിയെ പിടികൂടിയത്. വാഴക്കുളത്തുള്ള ജിയോ ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ മുക്കു പണ്ടം പണയം വച്ച് എൺപത്തയ്യായിരം രൂപ തട്ടിയെടുത്തിട്ടുള്ളതായി പോലീസ് കണ്ടെത്തി. മറ്റ് സ്ഥലങ്ങളില്‍ മുക്കു പണ്ടം പണയം വെച്ച് പണം തട്ടിയെടുത്തിട്ടുണ്ടോയെന്ന് അന്വേഷണം നടക്കുന്നുണ്ടെന്ന് ജില്ല പോലീസ് മേധാവി വിവേക് കുമാര്‍ പറഞ്ഞു. ഡി.വൈ.എസ്.പി പി.കെ ശിവന്‍കുട്ടിയുടെ നിർദ്ദേശത്താൽ എസ്.എച്ച്. ഒ പി.ജെ.നോബിള്‍, എസ്.ഐ സുധീര്‍ കുമാര്‍, എ.എസ്.ഐ അബ്ദുള്‍ റഹ്മാന്‍, എസ്.സി.പി.ഒ വി.സി.ജിതേഷ്, സി പി .ഒ എൻ.ജി.അനീഷ്, പി.ബി.അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
