തൃക്കാരിയൂർ :എസ് എസ് എൽ സി സർട്ടിഫിക്കറ്റ് ഇല്ലാതെ ക്ഷേത്രത്തിൽ വിവാഹം നടത്താൻ അനുവദിക്കില്ലെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് തൃക്കാരിയൂർ ക്ഷേത്രം സബ്ഗ്രൂപ്പ് ഓഫീസറുടെ നടപടിയിൽ പ്രതിഷേധിച്ച് ദേവസ്വം അസ്സി:കമ്മീഷ്ണറുടെയും, സബ് ഗ്രൂപ്പ് ഓഫീസറുടെയും ഓഫീസുകൾക്ക് മുന്നിൽ സമരവുമായി ഹിന്ദു ഐക്യവേദി. തന്റെ കുട്ടിയുടെ വിവാഹം തൃക്കാരിയൂരപ്പ സന്നിധിയിൽ വച്ച് നടത്തുവാൻ വഴിപാട് നേർന്ന ഒരു ഭക്തൻ അതിനുള്ള അപേക്ഷ കൊടുക്കുവാൻ സബ്ഗ്രൂപ്പ് ഓഫീസറെ സമീപിച്ചപ്പോഴാണ് വിവാഹം നടത്തണമെങ്കിൽ SSLC ബുക്ക് നിർബന്ധമാണെന്ന് പറയുന്നത്.
ഉന്നത വിദ്യാഭ്യാസത്തിന്റെ ആവശ്യമുമായി SSLC ബുക്ക് യൂണിവേഴ്സിറ്റിയിലേക്ക് അയച്ചിരിക്കുകയാണെന്നും, കോപ്പി എടുത്ത് വയ്ക്കാൻ സാധിച്ചില്ലെന്നും,ജനന തിയതി തെളിയിക്കുന്നതിന് അവശ്യമായ അനുബന്ധ രേഖകൾ ഉൾപ്പെടെയുള്ളവ സമർപ്പിച്ചിട്ടും SSLC ബുക്ക് ഇല്ലെങ്കിൽ വിവാഹം നടത്തില്ലെന്ന് പറഞ്ഞ് ആക്ഷേപിച്ച് അദ്ദേഹത്തെ ഇറക്കി വിട്ടിരുന്നു. ഇതേതുടർന്നാണ് ഹിന്ദു ഐക്യവേദി സമരവുമായി മുന്നോട്ട് വന്നത്. വിവിധ ആവശ്യങ്ങൾക്ക് ഓഫീസിലെത്തുന്ന ഭക്തരോട് ക്ഷേത്രത്തിന്റെ സൽപ്പേരിന് തന്നെ കളങ്കം വരും വിധം പെരുമാറുന്ന സബ്ഗ്രൂപ്പ് ഓഫീസർക്കെതിരെ നടപടിയെടുക്കണമെന്നും ഐക്യവേദി ജില്ലാ സെക്രട്ടറി വി എം മണി സൂചിപ്പിച്ചു.
നിശ്ചയിച്ച തിയതിക്ക് അനുബന്ധമായ രേഖകൾ വാങ്ങി വച്ച് വിവാഹം നടത്തി കൊടുക്കുവാനുള്ള സംവിധാനം ഒരുക്കി കൊടുക്കണമെന്നും ഉന്നത ദേവസ്വം അധികാരികളോട് ആവശ്യപ്പെട്ടു. പ്രതിഷേധ സമരത്തിന് വാർഡ് മെമ്പർ സനൽ പുത്തൻപുരയ്ക്കൽ, ഹിന്ദു ഐക്യവേദി പഞ്ചായത്ത് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മാങ്ങോട്ട്, പി പ്രദീപ് എന്നിവർ നേതൃത്വം നൽകി.