കോതമംഗലം : തൃക്കാരിയൂർ നെല്ലിക്കുഴി റോഡിൽ ചിറലാട് ഭണ്ഡാരപ്പടി മൃഗാശുപത്രിക്ക് സമീപമുള്ള നെല്ലിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ വരുന്ന പൊതുകിണർ ഉപയോഗ ശൂന്യമായിട്ട് 20 വർഷത്തിലധികമായി. പരിസര വാസികൾ കാലങ്ങളോളം കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്ന കിണറായിരുന്നു ഇത്. ചുറ്റുപാടുമുള്ളവർക്ക് വീട്ടുമുറ്റത്ത് കുടിവെള്ള കണക്ഷനും, സ്വന്തമായി കിണറും ആയതോടെ രണ്ട് പതിറ്റാണ്ടായി ഈ കിണർ ഉപയോഗിക്കാതായി. ആരും ഉപയോഗിക്കാത്തയത്തോടെ ഈ പൊതു കിണർ മാലിന്യം നിക്ഷേപിക്കുവാനുള്ള കേന്ദ്രമാക്കി സാമൂഹ്യ വിരുദ്ധർ മാറ്റിയിരിക്കുകയാണ്.
രാത്രിയുടെ മറവിൽ കിണറിൽ മാലിന്യങ്ങൾ കൊണ്ട് തള്ളുകയാണ്. കടുത്ത വേനലിൽ പോലും വറ്റാത്ത നെല്ലിക്കുഴി പഞ്ചായത്തിന്റെ കീഴിലുള്ള ഈ പൊതുകിണർ സംരക്ഷിക്കേണ്ടതാണ്. ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികൾ വിഷയത്തിലിടപ്പെട്ടുകൊണ്ട് കിണറിലെ മാലിന്യങ്ങൾ നീക്കം ചെയ്ത്, കിണറിന് ഇരുമ്പ് നെറ്റ് ഉപയോഗിച്ച് സംരക്ഷണ കവചം തീർത്ത് കിണർ ഉപയോഗ്യയോഗ്യമാക്കണമെന്ന് തൃക്കാരിയൂർ ചിറലാട് ഗ്രാമ സേവാ സമിതിയും, വാർഡ് മെമ്പറും ആവശ്യപ്പെട്ടു.
കിണറിൽ മാലിന്യം തള്ളുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കോതമംഗലം പോലീസ് സ്റ്റേഷനിലും, കിണറിലെ മാലിന്യം നീക്കം ചെയ്ത് സംരക്ഷിക്കണമെന്ന് പഞ്ചായത്തിലും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാർഡ് മെമ്പർ സിന്ധു പ്രവിൺ പറഞ്ഞു.