കോതമംഗലം : വരൾച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ടും തൃക്കാരിയൂർ മേഖലയിൽ തടത്തിക്കവല തുളുശ്ശേരിക്കവല ഹൈകോർട്ട് കവല പുലിമല ഭാഗങ്ങളിലെ പെരിയാർവാലി കനാലുകൾ നവീകരിക്കാത്ത പെരിയാർവാലി അധികൃതർക്കെതിരെ തൃക്കാരിയൂർ ഗ്രാമവികസന സമിതി നടത്തിയ സമരത്തിന് ഫലം കണ്ടു. കനാലുകൾ നവീകരിക്കുവാനുള്ള നടപടികൾ പെരിയാർവാലി ആരംഭിച്ചു. കാട്മൂടി പുല്ലുപിടിച്ച് ചപ്പു ചവറുകളും മണ്ണും അടിഞ്ഞുകൂടി വെള്ളം ഒഴുകാത്ത അവസ്ഥയായിട്ട് നാളേറെയാരിരുന്നു. ഇത് മൂലം കുടിവെള്ള ക്ഷാമവും, കൃഷിയിടങളും മറ്റും വറ്റി വരണ്ട് ജനങ്ങളും കർഷകരും ദുരിതത്തിലായി.
കനാലുകൾ ഉടൻ നവീകരിക്കണമെന്നാവശ്യപെട്ട് ഗ്രാമവികസന സമിതിയും വാർഡ് മെമ്പർമാരും പല തവണ പെരിയാർവാലിക്ക് പരാതിയും നിവേദനങ്ങളും നൽകിയിരുന്നു. എന്നിട്ടും പെരിയാർവാലി അധികാരികർ കനാലുകൾ നവീകരിക്കാത്ത അവസ്ഥ വന്നപ്പോളാണ് ഗ്രാമവികസന സമിതിയും വാർഡ് മെമ്പർമാരും പ്രതിഷേധ സമരവുമായി രംഗത്തെത്തിയത്. തുടർന്ന് അധികൃതർ സ്ഥലം സന്ദർശിക്കുകയും തൊഴിലാളികളെ കൊണ്ടുവന്ന് കനാലുകൾ ക്ലീൻ ചെയ്യുന്ന നടപടികൾ തടടത്തിക്കവല ഭാഗത്ത് നിന്നും ആരംഭിച്ചു.
കൃത്യമായ ഇടവേളകളിൽ കനാലുകൾ നവീകരിക്കണമെന്നും, പെരിയാർവാലി വാച്ചർമാർ ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും ഗ്രാമവികസന സമിതി പ്രസിഡന്റ് കെ ജി സുഭഗൻ, സെക്രട്ടറി പി ആർ സിജു, വാർഡ് മെമ്പർമാരായ ശോഭ രാധാകൃഷ്ണൻ സനൽ പുത്തൻപുരക്കൽ എന്നിവർ ആവശ്യപ്പെട്ടു.