കോതമംഗലം: കനത്ത മഴയിൽ കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി. ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു.മണികണ്ഠൻ ചാൽ, വെള്ളാരംകുത്ത് തുടങ്ങിയ പ്രദേശങ്ങളിലേക്കും, ആദിവാസി ഊരുകളിലേക്കും പോകുന്നതിന് ഏക മാർഗമാണ് ചപ്പാത്ത്.ശക്തമായ മഴയെ തുടർന്നാണ് ചപ്പാത്ത് പാലം വെള്ളത്തിനടിയിലായത് . വന മേഖലയിലെ കനത്ത മഴയെ തുടർന്ന് പുഴയിലെ ജലനിരപ്പ് ഉയരുകയും ഒഴുക്ക് വർധിക്കുകയും ചെയ്തിട്ടുണ്ട്.
ആദിവാസി കോളനികളും മണികണ്ഠൻചാൽ ഗ്രാമവും പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്.കാലവർഷം ശക്തി പ്രാപിക്കുമ്പോൾ ചപ്പാത്ത് പാലം മുങ്ങുന്നത് പതിവാണ്. പാലം മുങ്ങിയതോടെ മണികണ്ഠൻ ചാൽ നിവാസികൾക്ക് ജോലിക്ക് പോകാനുള്ള വഴി കൂടി അടഞ്ഞത് ഇരുട്ടടിയായി.സാഹസികമായി ചപ്പാത്ത് കടന്ന് മറുകര എത്താനുള്ള ശ്രമം അത്യന്തം അവ കടകരമാണ്. ഇവിടെ പുതിയ പാലം നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലവെള്ള പാച്ചിലിൽ ചപ്പാത്തിൽ വൻ മരങ്ങൾ വന്നടിഞ്ഞ് പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്.