കോതമംഗലം: ജനവാസ മേഖലയിൽ ഗ്ലാസ് കട്ടിംങ് യൂണിറ്റ് തുടങ്ങാനുള്ള നീക്കം സംഘർഷത്തിൽ കലാശിച്ചു, നാല് പേർക്ക് പരിക്ക്. നെല്ലിക്കുഴി പഞ്ചായത്തിന് സമീപം ജനവാസ മേഖലയിൽ ഗ്ലാസ് കട്ടിംങ് യൂണിറ്റ് ആരംഭിക്കുന്നതിനായി യന്ത്രങ്ങൾ ഇറക്കാൻ നീക്കം എതിർത്ത് എത്തിയ വീട്ടമ്മമാരടക്കമുള്ളവരെ ഉടമയുടെ നേതൃത്വത്തിൽ ഗുണ്ടകൾ മർദ്ദിക്കുകയായിരുന്നു. ഗ്ലാസ് കട്ടീംങ്ങ് യൂണിറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉയർത്തുമെന്ന് കാണിച്ച് നാട്ടുകാർ പ്രതിഷേധവുമായി നാളുകളായി രംഗത്ത് ഉണ്ട്. പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതർക്കും പരാതി നൽകിയിരുന്നു. ഞായറാഴ്ച്ച വൈകിട്ട് ആറോടെ കട്ടിംങ്ങ് യൂണിറ്റിലേക്കാവശ്യമായ യന്ത്രങ്ങൾ ഇറക്കാൻ ഉടമയും സംഘവും എത്തിയപ്പോൾ സ്ത്രികളടക്കമുള്ളവർ തടയാൻ ശ്രമിക്കുകയായിരുന്നു.
പുളിക്കകുടി നസീർ ഖാദർ,പുളിക്കകുടി കരീമിൻ്റെ ഭാര്യ ഷാജിത , കാനാക്കുഴി നാസറിൻ്റെ ഭാര്യ അജീന, മൊയ്തുവിൻ്റെ ഭാര്യ റംല എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ നസീറിനെ വിദഗ്ദ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.പരാതിക്കാരുടെ ഭാഗം കേൾക്കാതെ പൊലുഷൻ കൺട്രോൾ ബോർഡ് ഇവിടെ യന്ത്രങ്ങൾ പ്രവർത്തിക്കാൻ അനുമതി നൽകരുതെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നതാണ്.
ഗ്ലാസ് കമ്പനിക്കെതിരെ നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് പൊല്യുഷൻ കൺട്രോൾ ബോർഡിനോട് പരിശോധിക്കുവാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ഇതെല്ലാം മറികടന്ന് കമ്പനിക്കാവശ്യമായ മെഷീനുകൾ സ്ഥാപിക്കാൻ നടത്തിയ നീക്കം തടഞ്ഞതാണ് ആക്രമണത്തിനിടയാക്കിയത്. അന്തരീക്ഷ മലിനീകരണംകൊണ്ട് ജീവിതം ദുസഹമാക്കുമെന്നും ജനവാസ മേഖലയിൽനിന്നു കമ്പനി മാറ്റിസ്ഥാപിക്കണമെന്നതുമാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ പോലീസ് കേസെടുത്തു.