കോതമംഗലം : കോവിഡ് രണ്ടാം വരവിൽ ബുദ്ധിമുട്ടനുഭവിക്കുന്ന തൃക്കാരിയൂർ നിവാസികൾക്ക് താങ്ങും തണലുമായി ആറാം വാർഡ് മെമ്പർ സനൽ പുത്തൻപുരക്കൽ.
കോവിഡ് പോസിറ്റീവ് കേസുകൾ വാർഡിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ കോവിഡ് രോഗികൾക്കും, പനി ജലദോഷം തുമ്മൽ ഉള്ളവർക്കും, കോവിഡ് ലക്ഷണങ്ങൾ മൂലം ടെസ്റ്റ് നടത്തേണ്ടവർക്കും ആശുപത്രിയിൽ പോകേണ്ട അവസ്ഥയിലും, പല ഓട്ടോ ടാക്സിക്കാരും അവരെ വാഹനങ്ങളിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുവാൻ തയ്യാറാകുന്നില്ല.
ആംബുലൻസ് വിളിച്ചു പോകണമെങ്കിൽ വണ്ടിക്കൂലിയും പി പി ഇ കിറ്റിനും, വണ്ടി സാനിറ്റൈസ് ചെയ്ത് ഫോഗിങ്ങിനുമായി വലിയ തുകയാണ് ആവശ്യപ്പെടുന്നത്. സാധാരണക്കാരായ ആളുകൾക് അത് അപ്രായോഗികവുമാണ്. രോഗികൾ കൂടി വരുന്നത്കൊണ്ട് സർക്കാർ ആംബുലൻസുകളും ലഭ്യമാകുന്നുമില്ല. അസുഖം മൂലം ബുദ്ധിമുട്ടുന്ന വാർഡ് നിവാസികൾ വാഹങ്ങൾ കിട്ടുന്നില്ല എന്ന നിരന്തരം അവശ്യവുമായി വാർഡ് മെമ്പറെ വിളിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് തന്റെ സുഹൃത്തായ തൃക്കാരിയൂർ പെരുമ്പൻകുടി രാജേഷ് അയി സംസാരിക്കികയും, രാജേഷ് തന്റെ ഓട്ടോറിക്ഷ സേവനത്തിനായി സനലിന് വിട്ട് നൽകുകയും ചെയ്തു.
സന്നദ്ധ സംഘടനയായ സേവാഭാരതിയുമായി ചേർന്ന് കൊറോണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള സജ്ജീകരണങ്ങൾ ഓട്ടോയിൽ ഒരുക്കുകയും, സനലിന്റെ നേതൃത്വത്തിൽ ഹെല്പ് ഡെസ്ക് തുടങ്ങുകയും, രോഗം മൂലം ബുദ്ധിമുട്ടുന്ന വാർഡ് നിവാസികൾ വിളിക്കുന്ന അപ്പോൾ തന്നെ പി പി ഇ കിറ്റ് ധരിച്ചുകൊണ്ട് സനൽ തന്നെ ഓട്ടോറിക്ഷ ഓടിച്ച് വീടുകളിലെത്തി രോഗികളെ കയറ്റി ആശുപത്രിയിൽ എത്തിക്കുകയും, അഡ്മിറ്റ് ചെയ്യേണ്ടവരെ അഡ്മിറ്റ് ആക്കുകയും, തിരികെ കൊണ്ട് വന്നു ക്വാറന്റൈനിൽ ഇരുത്തേണ്ടവരെ നിശ്ചിത സ്ഥലങ്ങളിൽ ആക്കുകയും ചെയ്യുന്ന പ്രവർത്തനത്തിലാണിപ്പോൾ.
ഓരോ തവണ രോഗിയെ കൊണ്ടുപോയി കഴിയുമ്പോൾ ഓട്ടോറിക്ഷ സാനിറ്റൈസിങ്ങും, ഫോഗിംഗ് ചെയ്യുന്നതിനും ഉള്ള സംവിധാനവും സനൽ ഒരുക്കിയിട്ടുണ്ട്. ഈ ദുരിത സമയത്ത് തന്റെ വാർഡ് നിവാസികൾക്കായി സനൽ ഒരുക്കിയിട്ടുള്ള സംവിധാനം ഒരുപാട് പേർക്കാണ് ആശ്വാസമായിരിക്കുന്നത്. നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂർ മേഖലയിലെ ബിജെപി നേതാവും ആറാം വാർഡ് മെമ്പറും, സേവാഭാരതി പ്രവർത്തകനുമാണ് സനൽ. ഡ്രൈവർ ജോലിയാണ് സനലിന്. കൊറോണ ബാധിച്ചും, ക്വാറന്റൈനിൽ ഇരിക്കുന്ന വീട്ടുകാർക്കും ആവശ്യമുള്ള പലചരക്ക് പച്ചക്കറി മരുന്നുകൾ എന്നിവയും സനൽ വീടുകളിൽ എത്തിച്ചു നൽകുന്നു. സുമനസുകളുടെ സഹായവും സനൽ ഇക്കാര്യത്തിൽ അഭ്യർത്ഥിക്കുന്നു.