കോതമംഗലം : തൃക്കാരിയൂർ മേഖലയിലെ തടത്തിക്കവല -മുല്ലേക്കടവ് -കാവുംപടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും, ബ്ലോക്ക് പഞ്ചായത്തിന്റെ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി തൃക്കാരിയൂർ മേഖല കമ്മിറ്റി പ്രധിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ പിണ്ടിമന ഡിവിഷനിൽ ഉൾപ്പെടുന്ന പ്രദേശവും നെല്ലിക്കുഴി -പിണ്ടിമന പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതുമായ സുപ്രധാന റോഡാണിത്. ബ്ലോക്ക് പഞ്ചായത്തിന്റെ ഈ ഡിവിഷനിൽ തൃക്കാരിയൂരിലെ 5, 6വാർഡുകൾ ഉൾപ്പെടും.
പ്രസ്തുത റോഡിന് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും റോഡ് ഉടൻ റീടാർ ചെയ്യുമെന്നും കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിന് മുന്നേ അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പറഞ്ഞിരുന്നു. 5ലക്ഷം രൂപ എം എൽ എ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും റോഡ് ഉടൻ റീടാർ ചെയ്യുമെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ എംഎൽഎ പറയുകയും പ്രചാരണം നടത്തുകയും തുക അനുവദിച്ച കാര്യം പത്ര മാധ്യമങ്ങളിൽ വാർത്തയും കൊടുത്തിരുന്നു. അതാത് സമയത്തെ എൽ ഡി എഫ് ന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ലഖുലേഖകളിലൊക്കെ ഈ റോഡിന് ഫണ്ട് അനുവദിച്ചിട്ടുണ്ട് ഉടൻ റീടാർ ചെയ്യുമെന്ന ലക്ഷങ്ങളുടെ കണക്കുകൾ അച്ചടിച്ച് പ്രചരിപ്പിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് വർഷം ഒന്ന് കഴിയുകയും , നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് വർഷം ഒന്ന് ആകുന്നു. റോഡ് ഇതേവരെ റീടാർ ചെയ്തില്ല. അനുവദിച്ചു എന്ന് പറഞ്ഞ ഫണ്ടൊക്കെ എവിടെ പോയി ആര് കൊണ്ടുപോയി. ജനകീയ പ്രതിഷേധം ഉണർന്നപ്പോൾ ഇപ്പോൾ പറയുന്നു. അന്ന് ടെണ്ടർ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കാത്തതുകൊണ്ട് റീ ടെണ്ടർ വച്ചിട്ടുണ്ടെന്ന്. റോഡ് റീടാർ ചെയ്യാതെ മുടന്തൻ ന്യായീകരണങ്ങൾ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് കാലകാലങ്ങളായി മെയിന്റനൻസ് നടത്തി വന്നിരുന്ന റോഡ് അവരുടെ അനാസ്ഥമൂലം പൊട്ടി പൊളിഞ്ഞ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ല. തൃക്കാരിയൂർ മേഖലയോട് ബ്ലോക്ക് പഞ്ചായത്ത് കാണിക്കുന്ന അവഗണന ഇനിയും തുടർന്നാൽ ബ്ലോക്ക് പഞ്ചായത്ത് ഉപരോധമുൾപ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബിജെപി അറിയിച്ചു.