കോതമംഗലം: കൊച്ചി-തേനി ഗ്രീൻ ഫീൽഡ് കോറിഡോർ പദ്ധതിയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് മുഖ്യമന്ത്രിക്ക് കത്തു നൽകി. പദ്ധതിയുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളുടെ തുടക്കമായ 3(a) നോട്ടിഫിക്കേഷൻ വന്നതിനു ശേഷം പ്രത്യേക ചുമതലയുള്ള ഒരു ഡെപ്യൂട്ടി കളക്ടറെ നിയമിച്ചതൊഴിച്ചാൽ പിന്നീടൊരു നടപടിയും ഉണ്ടായില്ല. നിർദ്ദിഷ്ട പദ്ധതി പ്രദേശത്ത് സർവ്വേ നടപടികൾക്കായുളള ക്രമീകരണങ്ങൾക്കും, മറ്റ് അനുബന്ധ ജോലികൾക്കുമായുള്ള 100 ഓളം ഉദ്യോഗസ്ഥർ ആവശ്യമായിട്ടുണ്ട്. എന്നാൽ ഒരു പ്രത്യേക ഉദ്യോഗസ്ഥനൊഴികെ മറ്റാരും നിയമിക്കപ്പെട്ടില്ല. പദ്ധതിയുടെ പകുതിയിലേറെ കടന്നുപോകുന്ന ഇടുക്കി ജില്ലയിൽ ആദ്യം ഇറക്കിയ 3-a നോട്ടീഫിക്കേഷൻ പിൻവലിക്കപ്പെട്ടിരിക്കുകയാണ്.
പദ്ധതിയുടെ സ്കെച്ചും, പ്ലാനും ഉൾപ്പടെ പ്രസിദ്ധപ്പെടുത്തുന്ന 3A നോട്ടിഫിക്കേഷൻ, തുടർന്നുള്ള 3C, 3D, 3G, 3H, എന്നീ നോട്ടീഫിക്കേഷനുകൾ 2022 മാർച്ച് 31 ന് മുമ്പ് പുറത്തിറങ്ങേണ്ടതാണ്. എന്നാൽ നടപടികൾ ഒരിടത്തും എത്തിയിട്ടില്ല. മരടിൽ നിന്നുമുള്ള തുടക്കഭാഗത്തെ അലൈൻമെന്റ് ഫിക്സേഷനുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഉൾപ്പടെ വളരെപ്പെട്ടന്ന് പരിഹരിക്കുമെന്നും, 3a നോട്ടിഫിക്കേഷൻ അനുസരിച്ചുളള നടപടികൾ വൈകുന്നത് അപ്രതീക്ഷിതമായ കാലതാമസം ക്ഷണിച്ചു വരുത്തുമെന്നും നാഷണൽ ഹൈവേ പ്രോജക്ട് ഡയറക്ടർ ജെ. ബാലചന്ദ്രർ, ഡീൻ കുര്യാക്കോസ് എം.പി യുമായി നടത്തിയ ചർച്ചയിൽ വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് എം.പി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
കേരളത്തിൻറെ മദ്ധ്യഭാഗത്ത് കൂടി കൊച്ചി മുതൽ തമിഴ്നാടുമായുള്ള യാത്രക്ക് വളരെയധികം സമയ ലാഭം ലഭിക്കുന്ന പദ്ധതി യാഥാർഥ്യമായാൽ കേരള ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയായി ഇത് മാറും. കേരളത്തിൽ പദ്ധതിയുടെ 80% വും ഇടുക്കി പാർലമെന്റ് മണ്ഡലത്തിലൂടെയാണ് കടന്ന് പോകുന്നത്. എറണാകുളം മരട് മുതൽ തമിഴ്നാട് അതിർത്തിയിൽ ചതുരംഗപ്പാറ വില്ലജ് വരെ നീണ്ട് നിൽക്കുന്ന ബൃഹത് പദ്ധതിയാണ് പുതിയ ഭാരത് മാല എൻ. എച്ച് 85 (കൊച്ചി-തേനി) ഗ്രീൻ ഫീൽഡ് അലൈൻഡ്മെൻറ്. നിലവിലുള്ള കൊച്ചി-ധനുഷ്കോടി എൻ. എച്ച് 85 ൻറെ ഒരിടത്തും ഈ പദ്ധതി കൂട്ടിമുട്ടുന്നില്ല. എറണാകുളം വരെ ഏകദേശം 100 കി. മീ.ന് മുകളിൽ ലാഭം കണക്കാക്കുന്ന ഈ പദ്ധതിയുൾപ്പെടെ, കഴിഞ്ഞ ബഡ്ജറ്റിൽ നാഷണൽ ഹൈവേ വികസനത്തിനായുള്ള 66,000 കോടി രൂപയുടെ പദ്ധതികളാണ് കേന്ദ ഉപരിതല ഗതാഗത മന്ത്രാലയം രൂപകൽപന ചെയ്തിട്ടുള്ളത്. തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എം.സി റോഡിനു സമാന്തരമായിട്ടുള്ള 6 വരി പാതയും കേന്ദ്ര പരിഗണനയിൽ ആണ്.
എറണാകുളം കണയന്നൂർ താലൂക്കിലെ മരട് തെക്കുംഭാഗം, നഡമ, കുരീക്കാട്, തിരുവാങ്കുളം, വില്ലേജുകളും കുന്നത്ത്നാട് താലൂക്കിലെ തിരുവാണിയൂർ, ഐക്കരനാട് സൗത്ത് വില്ലേജുകളും മൂവാറ്റുപുഴ താലൂക്കിലെ രാമമംഗലം, മേമ്മുറി, ഓണക്കൂർ, തിരുമാറാടി, മാറാടി, ആരക്കുഴ, മൂവാറ്റുപുഴ, മഞ്ഞള്ളൂർ, ഏനാനല്ലൂർ, കല്ലൂർക്കാട്, വില്ലേജുകളും കോതമംഗലം താലൂക്കിലെ കടവൂർ, നേര്യമംഗലം വില്ലേജുകളും ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലെ കുമാരമംഗലം, കോടിക്കുളം, വണ്ണപ്പുറം, ഉടുമ്പന്നൂർ വില്ലേജുകളും ദേവികുളം താലൂക്കിലെ മന്നാംകണ്ടം വെള്ളത്തൂവൽ വില്ലേജുകളും ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴി, കൊന്നത്തടി, വാത്തിക്കുടി, തങ്കമണി വില്ലേജുകളും ഉടുമ്പൻചോല താലൂക്കിലെ ഉടുമ്പൻചോല, കൽക്കൂന്തൽ, പാമ്പാടുംപാറ, കരുണാപുരം, പാറത്തോട്, ചതുരംഗപ്പാറ വില്ലേജുകളുമാണ് നിർദ്ദിഷ്ട എൻ. എച്ച് 85 (കൊച്ചി-തേനി) – ഗ്രീൻ ഫീൽഡ് ബിസിനസ് കോറിഡോർ പദ്ധതിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളെന്ന് എം.പി. വ്യക്തമാക്കി.
ചിത്രം: മൂവാറ്റുപുഴ പി.ഡബ്ലിയു.ഡി ഗസ്റ്റ് ഹൗസിൽ വച്ച് പ്രോജക്ട് ഡയറക്ടർ ജെ. ബാലചന്ദറുമായി നടന്ന ചർച്ച.