കോതമംഗലം – വനിതകൾക്ക് സംവരണമില്ലാതിരുന്ന പുരുഷാധിപത്യ രാഷ്ട്രീയ കാലത്ത് മത്സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡൻ്റായി ചരിത്രം കുറിച്ച കോതമംഗലം സ്വദേശി അന്നമ്മ ജേക്കബ് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ വരാൻ പോകുന്ന ഈ തദ്ദേശ തെരഞ്ഞെടുപ്പിനേയും ആവേശത്തോടെയാണ് വീക്ഷിക്കുന്നത്. ഇന്ന് രാഷ്ട്രീയത്തിൽ വനിതാ സംവരണം ഒരു യാഥാർഥ്യമാണ്. അവസരമില്ലാത്ത കാലത്ത് അവസരം സൃഷ്ടിച്ച ഒരാളായിരുന്നു ഊന്നുകൽ സ്വദേശി മാറാച്ചേരി പുത്തയത്തു അന്നമ്മ ജേക്കബ്. പക്ഷേ, അന്ന് 60 കളിലെ ഗ്രാമീണ കേരളത്തിൻ്റെ സമൂഹ ചട്ടക്കൂടുകൾ കടുപ്പമായിരുന്നു. ഒരു സ്ത്രീ രാഷ്ട്രീയത്തിലിറങ്ങിയാൽ ആളുകൾ അതിശയത്തോടെ നോക്കുന്ന കാലമായിരുന്നു അത്.
1963 മുതൽ കവളങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പർ, വൈസ് പ്രസിഡൻ്റ്, പ്രസിഡൻ്റ് എന്നീ ചുമതലകളിൽ 1984 വരെ പൊതു പ്രവർത്തനം നടത്തി. 1963 മുതൽ 68 വരെ വൈസ് പ്രസിഡൻ്റായിരുന്നു. 1968 മുതൽ 1979 വരെ പ്രസിഡൻ്റായി. അതോടെ കേരളത്തിലെ ആദ്യ വനിത പഞ്ചായത്ത് പ്രസിഡൻ്റ് എന്ന ബഹുമതിക്കും അർഹയായി. 1979 ലെ തെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ച് എറണാകുളം ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ടീയ അതിപ്രസരം മൂലം 1984-ൽ പൊതു പ്രവർത്തന രംഗത്തു നിന്ന് പിൻമാറി. തുടർന്ന് കുടുംബ ജീവിതവും, കൃഷിയുമായി മുന്നോട്ടു പോയ അന്നമ്മ ഇന്ന് നവതിയുടെ നിറവിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്.
പണ്ട് വീടുകൾ കയറി വോട്ടു ചോദിച്ചും, നോട്ടീസടിച്ച് വിതരണം ചെയ്തുമുള്ള ചെലവു കുറഞ്ഞുള്ള ഇലക്ഷൻ പ്രചാരണ രീതിയായിരുന്നു ഉണ്ടായിരുന്നതെന്നും, ഇന്ന് സോഷ്യൽ മീഡിയയാണ് പ്രചാരണ രംഗം കീഴടക്കിയിരിക്കുന്നതെന്നും, പൊതുപ്രവർത്തന രംഗത്തെ രാഷട്രീയ അതിപ്രസരം മൂലമാണ് താൻ 1984-ൽ പൊതു പ്രവർത്തനം അവസാനിപ്പിച്ചതെന്നും അന്നമ്മ ജേക്കബ് പറഞ്ഞു.



























































