കോതമംഗലം : മൂന്നു പൂ കൃഷി ചെയ്യുന്ന പാടശേഖരത്തിന്റെ മദ്ധ്യ ഭാഗത്ത് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയ സ്ഥലത്ത് കിസാൻ സഭ പ്രവർത്തകർ കൊടി നാട്ടി. മണ്ണ് കോരി മാറ്റി പാടശേഖരം പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം തഹസിൽദാർ, വില്ലേജ് ഓഫീസർ , കൃഷി ഓഫീസർ എന്നിവർക്ക് കിസാൻ സഭയുടെ നേതൃത്വത്തിൽ
നാട്ടുകാർ പരാതി നൽകി.
കുടിവെള്ള പദ്ധതിക്ക് കിണർ കുഴിച്ചതിന്റെ മറവിൽ പാടം നികത്താനുള്ള ശ്രമമാണ് കിസാൻ സഭ പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞത്. നെല്ലിക്കുഴി പഞ്ചായത്തിലെ പൂവത്തൂർ പാടശേഖരത്തിലാണ് കുടിവെള്ള പദ്ധതിയുടെ മറവിൽ മൂന്ന് പൂ കൃഷി ചെയ്യുന്ന പാടം നികത്താൻ ശ്രമിച്ചത്. കല്ലിൽ അമ്പലത്താഴം മുതൽ അടിവാട്ട് പള്ളിത്താഴം വരെ മൂന്ന് പൂ കൃഷി ചെയ്യുന്നനൂറ് ഹെക്ടർ പാടശേഖരത്തിന്റെ മദ്ധ്യഭാഗമാണ് നികത്താനായി മണ്ണിട്ടത്. ഓലിപ്പാറ കുടിവെള്ള പദ്ധതിയുടെ പമ്പ്ഹൗസിന് സമീപം അര ഏക്കറോളം വരുന്ന പാടത്ത് അഞ്ചടി ഉയരത്തിൽ മണ്ണിട്ട് ഉയർത്തി. അഞ്ച് വർഷമായ കായ്ഫലമുള്ള തെങ്ങ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കരയിൽ നിന്നും പറിച്ച് പാടത്തിന്റെ മദ്ധ്യഭാഗത്ത് നട്ട് പിടിപ്പി
ക്കുകയായിരുന്നു.
കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിക്ക് കിണർ കുഴിച്ചതിന്റെ മറവിലാണ് പാടം നികത്തൽ നടന്നത്.
അടിയന്തരമായി മണ്ണ് നീക്കം ചെയ്ത് പാടശേഖരം പൂർവ്വസ്ഥിയിലക്കണമെന്നും തോട് ഇടിച്ച് താഴ്ത്തി കുളം കുഴിച്ചിരിക്കുന്നിടത്ത് സംരക്ഷണഭിത്തികെട്ടി തോടും ജല സ്രോതസ്സും സംരക്ഷിക്കണമെന്നും പറിച്ച് നട്ട കായ്ഫലമുള്ള തെങ്ങ് നീക്കം ചെയ്യണമെന്നും കിസാൻ സഭ ആവശ്യപ്പെട്ടു. കോതമംഗലം മണ്ഡലം സെക്രട്ടറി എം എസ് അലിയാർ, മണ്ഡലം കമ്മറ്റി അംഗം ഗീതാ രാജേന്ദ്രൻ, രവീന്ദ്രൻ താഴേക്കാട്ട്, പി എം
അബ്ദുൾ സലാം, എം ജി ശശി, യൂസഫ് കെ എ, പി പി മീരാൻ , അനസ് എ എ എന്നിവരും നാട്ടുകാരും കർഷകരമായ ജി മണി , അബ്ദുൾ ഗഫൂർ , ബാദുഷാ ഖാൻ, യൂസഫ് എ എ , ഷാജു എ കെ , ഉല്ലാസ് അമ്പലത്തും പറമ്പിൽ, സലീം കുഴിക്കണ്ടം, മൈതീൻ ഇല്ലത്തും കുടി, മജീദ് മോതിൽ കുടി . എ വി ഷാജു, സുഹറ ആട്ടായം, റംല മുള്ളൻ ചാലിൽ, ഇസ്മായിൽ ആട്ടായം, തുടങ്ങിയർ പങ്കെടുത്തു.
പടം : സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയ
നെല്ലിക്കുഴി പഞ്ചായത്തിൽ പൂവത്തൂർ പാടശേഖരത്തിൽ കിസാൻ സഭ പ്രവർത്തകർ കൊടി നാട്ടുന്നു.